Wednesday, May 1, 2024
spot_img

പഞ്ചാബിലെ സുരക്ഷാവീഴ്ച ; ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു

ദില്ലി; പഞ്ചാബിലെ പരിപാടികൾ സുരക്ഷാവീഴ്ചയെ തുടർന്ന് റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു. പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം പോകാൻ തീരുമാനിച്ചതെന്നും എസ്പിജി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രാപാത തീരുമാനിച്ചത് എസ്പിജി അല്ല പഞ്ചാബ് പൊലീസ് ആണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്.

വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും റോഡ് പൊലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോകോൾ പാലിക്കാൻ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്ന് സർക്കാർ കുറ്റപ്പെടുത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പ്രധാനമന്ത്രി മോദിയ്ക്ക് സംഭവിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന സുരക്ഷാ നിർദേശം നടപ്പായില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് ഇത്തരത്തിൽ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സാധാരണയായി പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കാനും അനുഗമിക്കാനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ടാകും. എന്നാൽ പഞ്ചാബിൽ ഈ മൂന്നുപരും ഉണ്ടായിരുന്നില്ല. കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും സംഭവത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പ്രതികരണം.

Related Articles

Latest Articles