Wednesday, January 7, 2026

ചാവക്കാട് 4 പേർക്ക് വെട്ടേറ്റു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു, മൂന്നുപേരുടെ നിലഗുരുതരം; ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് കോൺഗ്രസ്

ചാവക്കാട്: പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരെ ബൈക്കുകളിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. വെട്ടേറ്റ പുന്നയിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40) മരിച്ചു, കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. നാലുപേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വെട്ടേറ്റവര്‍ പുന്ന സെന്ററില്‍ നില്‍ക്കുമ്പോള്‍ ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പൂര്‍വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

എസ് ഡി പി ഐ., പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ എസ് ഡി പി ഐ.ക്കു ബന്ധമില്ലെന്ന് എസ് ഡി പി ഐ നേതാക്കള്‍ അറിയിച്ചു.

Related Articles

Latest Articles