Friday, October 30, 2026

സാബു എം.ജേക്കബിനെതിരായ പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതി;
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

കൊച്ചി: സാബു എം.ജേക്കബിനെതിരായ പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതി,ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്താന്‍ സമയംതേടി. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്താൻ സമയം തേടിയത്. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് നടപടി.

ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി20 അംഗങ്ങളായ ജനപ്രതിനിധികളും വേദി വിട്ടിറങ്ങിയ സംഭവം ജാതീയമായ അപമാനിക്കലാണെന്നു ചൂണ്ടി കാണിച്ചായിരുന്നു പരാതി. സാബു എം. ജേക്കബ് ആണ് ഒന്നാം പ്രതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, അംഗങ്ങളായ എ. സത്യ പ്രകാശ്, ജീൽ മാവേലി‍ൽ, പി.ടി. രജനി എന്നിവരും പ്രതികളാണ്.

സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ തന്നോടൊപ്പം വേദി പങ്കിടുന്നതിനു ട്വന്റി20യുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിയിരിക്കുകയാണെന്നു എംഎൽഎ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 30നു പൊലീസിനു ലഭിച്ച പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണു കേസ്.

തന്നെയും ട്വിന്റി20യെയും തന്റെ വ്യവസായത്തെയും തകർക്കാനുള്ള ശ്രമമാണു പി. വി. ശ്രീനിജിന്റേതെന്നായിരുന്നു സാബു എം.ജേക്കബിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ട്വന്റി20 ഇല്ലാതാകണം. അതുമായി ബന്ധപ്പെട്ടാണ് കർഷകദിനത്തിലെ പരിപാടിയുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന കേസെന്നും സാബു എം. ജേക്കബ് പ്രതികരിച്ചിരുന്നു.

Related Articles

Latest Articles