Monday, May 20, 2024
spot_img

വൈറ്റില പാലത്തില്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

കൊച്ചി: വൈറ്റില പാലം നിർമാണത്തില്‍ നടന്ന ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്ക് സസ്പെന്‍ഷന്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ വി കെ. ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റെതാണ് നടപടി. നേരത്തേ റിപ്പോർട്ട് ചോർന്നതിൽ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ ശകരിച്ചതായി സൂചനകളുണ്ടായിരുന്നു.

പാലം നിർമാണത്തിന്‍റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോർട്ടാണ് ഷൈലാ മോള്‍ നൽകിയത്. പാലം പണിയിൽ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ സ്വതന്ത്ര ഏജൻസിയുടെ മൂന്നാംഘട്ട പരിശോധനയിൽ നിർമാണത്തിൽ കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ. രണ്ടാം ഘട്ട റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ കണ്ടെത്തൽ.
മൂന്നാംഘട്ട സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗില്‍ നിന്നുള്ളവരാണ്.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഓഫ് വിജിലൻസിന് റിപ്പോർട്ട് നൽകിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Related Articles

Latest Articles