സെഞ്ചുറിയൻ: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവിക്ക് പിന്നാലെ സൗത്താഫ്രിക്കന്‍ ടീമിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് (Quinton de Kock) ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇപ്പോള്‍ വര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് ടെസ്റ്റ് മതിയാക്കുന്നതായി അദ്ദേഹം അറിയിച്ചത്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് വിരമിക്കലിനുള്ള കാരണമായി പറയുന്നത്. “ഇത് ഞാൻ വളരെ എളുപ്പത്തിൽ എടുത്ത തീരുമാനമല്ല. സാഷയും ഞാനും ഞങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ പോകുന്നതിനാൽ എന്റെ ഭാവി എങ്ങനെയാണെന്നും എന്റെ ജീവിതത്തിൽ എന്താണ് മുൻഗണന നൽകേണ്ടതെന്നും ചിന്തിക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു.” ഡി കോക്ക് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കം മുതല്‍ എന്റെ യാത്രയില്‍ പങ്കാളിയായ എല്ലാവരോടും നന്ദി പറയാന്‍ ഈ അസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കോച്ചുമാര്‍, ടീമംഗങ്ങള്‍, വിവിധ ടീം മാനേജ്‌മെന്റുകള്‍, കുടുംബം സുഹൃത്തുക്കള്‍ എല്ലാവരെയും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എനിക്കു ഇതൊന്നും സാധിക്കില്ലായിരുന്നുവെന്നും വിരമിക്കല്‍ സന്ദേശത്തില്‍ ഡികോക്ക് കുറിച്ചു. അതേസമയം 29 കാരനായ ഡികോക്ക് നാലു ടെസ്റ്റുകളില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ശ്രീലങ്ക, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

