Tuesday, May 14, 2024
spot_img

സംഘ സന്ദേശവുമായി ഭൂഖണ്ഡങ്ങൾ താണ്ടി യാത്രചെയ്ത പ്രചാരകൻ; വായനയോടും എഴുത്തിനോടും വല്ലാത്ത അഭിനിവേശം കാട്ടിയ പ്രഭാഷകൻ; ഉച്ചനീചത്വങ്ങളിൽ നിന്ന് സേവാഭാവത്തിലേയ്ക്ക് സമാജത്തെ കൈപിടിച്ചുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്; മുതിർന്ന ആർ എസ് എസ് പ്രചാരക് ആർ ഹരി ഓർമായാകുമ്പോൾ

എറണാകുളം: സംഘത്തിന്റെ സന്ദേശവുമായി ഭൂഖണ്ഡങ്ങൾ താണ്ടി യാത്ര ചെയ്‌ത മുതിർന്ന പ്രചാരകനായിരുന്നു ഇന്ന് വിടവാങ്ങിയ ആർ ഹരി എന്ന ഹരിയേട്ടൻ. രണ്ടാമത്തെ സർസംഘചാലക് ഗുരുജി ഗോൾവക്കർ ഉൾപ്പെടെ അഞ്ച് ആർ.എസ്.എസ് മേധാവികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. പ്രചാരകനായി 1992 മുതൽ 2005 വരെ പ്രവർത്തിച്ചതിനിടെ നിശ്ചയിച്ച ഒരു പരിപാടിയിൽ പോലും പങ്കെടുക്കാതെയിരുന്നിട്ടില്ല. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ് പ്രചാരണവുമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി ദേശീയ നേതാക്കളുമായി അടുത്തബന്ധമുള്ള വ്യക്തിത്വമായിരുന്നു ഹരിയേട്ടൻ. സംഘത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് വന്ന കേരളത്തിൽ നിന്നുള്ള ആദ്യ പ്രചാരകായിരുന്നു അദ്ദേഹം. 1982 ൽ അദ്ദേഹം അഖിലേന്ത്യാ പ്രചാരകനായി. സംഘത്തിന്റെ പ്രവർത്തനം വിപുലവും ജനകീയവും എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതുമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 1990 ൽ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖുമായി. ആർ.എസ്.എസിന്റെ ആശയങ്ങൾ കൂടുതൽ മേഖലകളിൽ എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. ഭാരതീയ ശിക്ഷാ മണ്ഡൽ, വിദ്യാഭാരതി, അജതി സാഹിത്യ പരിഷത്ത് തുടങ്ങിയവയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. കേരളത്തിന്റെ പ്രാന്ത പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

പതിമൂന്നാം വയസിലാണ് അദ്ദേഹം സംഘപ്രവർത്തനം ആരംഭിക്കുന്നത്. ക്ഷേത്രത്തിന് സമീപം കളിച്ചുനടക്കുന്ന കാലത്താണ് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരകൻ ചിഞ്ചോൽക്കർ ആർ.എസ്.എസ് ശാഖ ആരംഭിക്കാൻ സമീപിക്കുന്നത്. പതിനഞ്ചുപേർ ചേർന്ന് ശാഖ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ശാഖയിലെ പതിവ് പങ്കാളിത്തവും വായനയിലൂടെ കൂടുതൽ വിവരങ്ങൾ അറിയുകയും ചെയ്തതോടെ താല്പര്യം വർദ്ധിച്ചു. ഇന്ത്യൻ സംസ്കാരം, തത്വചിന്ത തുടങ്ങിയവ വിശദമായി മനസിലാക്കി. അദ്ദേഹത്തിന്റെ ഈ ജീവിതത്തിൽ വഴികാട്ടി ആയത് സ്വാമി ആഗമാനന്ദയും.

ആവേശത്തോടുള്ള വായനയും, വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്തു ശൈലിയും, ശ്രോതാക്കളെ അഗാധചിന്തയിലേക്ക് നയിച്ചിരുന്ന പ്രഭാഷണ ശൈലിയുടെയും ഉടമയായിരുന്നു ഹരിയേട്ടൻ. 25 ലേറെ പുസ്തകങ്ങളും നൂറുകണക്കിന് പ്രഭാഷണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധമായ അറിവിനൊപ്പം പത്തു ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തിലെ സംഘാടകനെ കരുത്തനാക്കിയിരുന്നു. വായനയെ അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് പുതിയ തലമുറയുടെ ഇ വായനയോടും വല്ലാത്ത ഇഷ്ടമായിരുന്നു.

രാഷ്ട്രത്തിനു വേണ്ടി സ്വയം സമർപ്പിച്ച ജീവിതത്തിന്റെ അതുല്യ യാത്രയ്ക്ക് ഹരിയേട്ടന്റെ വിയോഗത്തിലൂടെ വിരാമമാകുകയാണ്. എങ്കിലും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ലോകമെമ്പാടുമുള്ള പ്രവർത്തകർക്ക് പ്രചോദനവും മാർഗ്ഗദർശനവുമായി മാറുകയാണ് ആർ ഹരി എന്ന കർമ്മയോഗി.

Related Articles

Latest Articles