ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എംഎല്‍എ സ്ഥാനം വഹിക്കുന്നവര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടത് യുവാക്കളേയും വനിതകളേയുമാണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രണ്ടില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടവര്‍ മത്സരിക്കേണ്ടതില്ല. പകരം പുതുമുഖങ്ങളെ മത്സരിപ്പിക്കണം. രാജ്യസഭാ എംപിമാരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ട. ബന്ധുക്കള്‍ കൂട്ടമായി മത്സരിക്കുന്നത് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്‍ പ്രചാരണ ആയുധമാക്കും. താഴെത്തട്ടില്‍ പ്രചാരണം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. യുപിയില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പണിയാന്‍ പ്രയത്നിക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ വാക്ക്. പ്രിയങ്കയെ രാജ്യത്തുടനീളം പ്രചാരണത്തിന് ഇറക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.