Wednesday, September 23, 2026

വയനാട്ടിലെ നാല് ഗാന്ധിമാർ; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി;സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം ഇന്ന്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. മണ്ഡലത്തില്‍ ലഭിച്ച 23 നാമനിര്‍ദേശപത്രികകളില്‍ ഇതില്‍ 22 പത്രികകളും സാധുവാണെന്ന് കണ്ടെത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപരനായി മറ്റ് രണ്ടുപേര്‍കൂടി മത്സരിക്കുന്നത് ശ്രദ്ധേയമാണ്. കെ.ഇ. രാഹുല്‍ ഗാന്ധി എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും അഖില ഇന്ത്യ മക്കള്‍ കഴകത്തിന്റെ കെ. രാഘുല്‍ ഗാന്ധിയുമാണ് ഇവര്‍. ഇവര്‍ക്ക് പുറമേ കെ.എം. ശിവപ്രസാദ് ഗാന്ധി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വയനാട്ടില്‍ മത്സരിക്കുന്ന ഗാന്ധിമാരിലുണ്ട്.

അതേസമയം വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനം ചെയ്‌തെത്തിയ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ സമയം അനുവദിച്ചു. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കുമായി പത്രിക സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കും.

Related Articles

Latest Articles