കണ്ണൂർ: ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. ഇന്ന് നടന്ന റെയ്ഡിൽ നാലു മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടന്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഇതേ ജയിലിൽ നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, ആയുധങ്ങൾ, റേഡിയോകൾ, ചിരവ, ബാറ്ററി തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാർ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.
അതേസമയം തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലും പുലർച്ചെ മിന്നൽ പരിശോധന നടന്നു. ടി പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷാഫിയിൽനിന്ന് രണ്ട് മുന്തിയ സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തു. ഇവിടെനിന്ന് ആകെ പിടിച്ചെടുത്ത നാലു ഫോണുകളും വില കൂടിയവയാണ്.
ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് യതീഷ് ചന്ദ്ര ഇന്നലെ റെയ്ഡ് നടത്തിയത്. ഷാഫിയോടൊപ്പം കൊടിസുനിയും മനോജുമടക്കം ടിപി കേസിലെ അഞ്ച് പ്രതികൾ വിയ്യൂർ ജയിലിലുണ്ട്.

