Wednesday, December 31, 2025

പാളംതെറ്റല്‍: കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി; വൈകിയോടല്‍ തുടരുന്നു

തൃശൂർ: തൃശൂർ-പുതുക്കാട്ടിൽ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു വീണ്ടും ഏതാനും വണ്ടികള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307), കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) എന്നിവ പൂര്‍ണമായും റദ്ദാക്കി.

4.05ന് ആലപ്പുഴയില്‍നിന്നു പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആറു മണിക്കെ പുറപ്പെടു. വൈകിട്ട് 6.40ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍- മംഗലാപുരം സെന്‍ട്രല്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ വൈകിയാവും യാത്ര തുടങ്ങുക. 6.05ന് പുറപ്പെടേണ്ട കൊച്ചുവേളി-ബസനവാടി ഹംസഫര്‍ എക്‌സ്പ്രസ് 7.05ന് യാത്ര തിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. ആദ്യത്തെ കുറച്ചു ട്രയിനുകൾക്കും വേഗ നിയന്ത്രണമുണ്ടാകുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. പുതിയ പാളത്തിന്റെ ബല പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടന്നുപോയത്.

അതേസമയം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യുന്നു. ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിന്‍ ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയാണു പാളം തെറ്റിയത്. ട്രെയിനിൽ ചരക്ക് ഇല്ലാതിരുന്നതും പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വേഗത കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്‌തി കുറച്ചു.

ഇന്നത്തെ പാലക്കാട്– എറണാകുളം മെമു, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്സ്പ്രസ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ– എറണാകുളം എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായി റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles