Wednesday, May 15, 2024
spot_img

സംസ്ഥാനത്ത് ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; വരാൻ പോകുന്നത് കനത്ത മഴ; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ദില്ലി: സംസ്ഥാനത്ത് വരാൻ പോകുന്നത് (Heavy Rain In Kerala) കനത്ത മഴയെന്ന് മുന്നറിയിപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

ഇതോടനുബന്ധിച്ച് പതിനൊന്ന് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ കുറവില്ലാത്തതാണ് ഇതിനു കാരണം. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ സ്പിൽവേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ രാത്രി ജില്ല കളക്ടർ വള്ളക്കടവിലെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മഴ ശക്തമായാൽ കൂടുതൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കിയേക്കും.

Related Articles

Latest Articles