Sunday, June 16, 2024
spot_img

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. ഗതാഗതക്കുരുക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. അതേസമയം മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തൊടുപുഴ മൂവാറ്റുപുഴ ആറുകൾക്ക് സമീപം താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വെള്ളക്കെട്ടുകാരണം വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ വൻ വീഴ്ച വരുത്തിയതായാണ് വിലയിരുത്തൽ. ആലപ്പുഴയിലും പന്തീരാങ്കാവിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾ വൈകുന്നു. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടത് ഷെഡ്യൂളുകളെ താറുമാറാക്കി. അബുദാബി മസ്‌ക്കറ്റ് വിമാനങ്ങൾ അനിശ്ചിതമായി വൈകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ സർവ്വീസ് നടത്തി തുടങ്ങുമെന്ന് എയർലൈനുകൾ അറിയിച്ചിട്ടുണ്ട്.

വഴിതിരിച്ചു വിട്ട ദോഹ കരിപ്പൂർ വിമാനം മംഗലാപുരത്ത് ഇറക്കിയത് പ്രതിഷേധങ്ങൾക്ക് കാരണമായി.
മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരുകയാണ്. ജില്ലാ ഭരണകൂടങ്ങൾ അടിയന്തിര യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. മലങ്കര ഡാമിൽ ആകെ നാല് ഷട്ടറുകളാണ് തുറന്നത്. വർക്കല പാപനാശം കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു തകർന്നു. ആളപായമില്ല. കൊല്ലം കിഴക്കേകല്ലടയിൽ തെങ്ങുവീണ് വീട് തകർന്നിട്ടുണ്ട്. ചെറുകാവ് നെച്ചിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു.

Related Articles

Latest Articles