Thursday, May 16, 2024
spot_img

അർഹിച്ച ജോലി ലഭിക്കാതെ മുട്ടിലിഴഞ്ഞു പ്രതിഷേധിക്കുന്ന സിവിൽ പോലീസ് ഓഫീസർ ഉദ്യോഗാർത്ഥികൾക്കായി സുപ്രധാന ഇടപെടലുമായി രാജീവ് ചന്ദ്രശേഖർ ! ഉദ്യോഗാർത്ഥികൾക്ക് അർഹിക്കുന്ന തൊഴിൽ നൽകി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി

തിരുവനന്തപുരം : സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തി സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഉടൻ അവർ അർഹിക്കുന്ന തൊഴിൽ നൽകി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ഈ മാസം 24ന് എഴുതിയ കത്തിന്റെ പൂർണ്ണരൂപം അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി.

ഒരു ജോലിയെന്ന സ്വപ്നം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം നശിച്ച ഈ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഉടൻ ഇടപെടണമെന്നും അവരുടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പോലീസ് സേനയിലേക്ക് പോലും നിയമനം നടത്താൻ കഴിയാത്ത ഇത്തരമൊരു സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കത്തിലൂടെ പറയുന്നു.

ഇക്കഴിഞ്ഞ 16 നാണ് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ രാജീവ് ചന്ദ്രശേഖറിനെ കാണുന്നത്. അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്നും പ്രൊഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. സത്യവിലാസം ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് റാങ്ക് ഹോൾഡേഴ്സ് രാജീവ് ചന്ദ്രശേഖറിനെ കാണാൻ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ലെന്നും. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാവർക്കും തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം അന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടാമെന്നും മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അന്ന് അദ്ദേഹം അവർക്ക് വാക്ക് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുള്ളത്.

ഏപ്രിൽ 12 നാണ് നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 2019 ൽ പി എസ് സി വിജ്‍ഞാപനം പുറത്തിറങ്ങി 2021 ൽ പ്രാഥമിക പരീക്ഷയും 2022 ൽ മുഖ്യപരീക്ഷയും കഴിഞ്ഞു. 2022 ഒക്ടോബറിൽ കായികക്ഷമത പരീക്ഷയും പി എസ് സി നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് ഇറക്കിയത്. എന്നാൽ 13975 പേരുടെ ലിസ്റ്റിൽ നിന്ന് നാമമാത്രമായ ആൾക്കാർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്. ദിവസങ്ങൾ മാത്രം ബാക്കിയുള്ള ലിസ്റ്റിൽ നിന്ന് തങ്ങൾ പുറത്താകുമെന്ന ആശങ്കയാണ് അന്ന് ഉദ്യോഗാർത്ഥികൾ രാജീവ് ചന്ദ്രശേഖറുമായി പങ്ക് വെച്ചത്.

Related Articles

Latest Articles