Monday, May 20, 2024
spot_img

രാജു നാരായണ സ്വാമിക്ക് ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്

തിരുവനന്തപുരം: പ്രശസ്തമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് രാജു നാരായണസ്വാമി ഐ.എ.എസ്. അർഹനായി. ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്.

കൃതിമബുദ്ധിയും ബ്ലോക്ക് ചെയിനും ഉൾപ്പടെയുള്ള ശാസ്ത്ര സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് ബൗദ്ധിക സ്വത്ത് അവകാശ ഓഫീസുകൾ എങ്ങനെ അഴിമതി മുക്തമാക്കാം എന്നതിനെ സംബന്ധിച്ച ഗവേഷണത്തിനാണ് സ്വാമിക്ക് ഫെല്ലോഷിപ്പ് ലഭിച്ചത്.

ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽനിന്ന് ഈ വിഷയത്തിൽ ഒന്നാം റാങ്കോടെ പി.ജി. ഡിപ്ലോമയും എൻ.എൽ.യു. ഡൽഹിയിൽനിന്ന് ഗോൾഡ് മെഡലോടെ എൽ.എൽ.എമ്മും സ്വാമി നേടിയിട്ടുണ്ട്.

1991 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ സ്വാമി, നിലവിൽ പാർലന്റെറികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കാർഷികോൽപാദന കമ്മിഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി. കാൺപുർ അദ്ദേഹത്തിന് 2018-ൽ സത്യേന്ദ്ര ദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നടന്ന 32 തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്. 2018 ലെ സിംബാബ്വേ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.

സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003-ൽ കേരള സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. 200-ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles