Monday, June 3, 2024
spot_img

രാമനവമി ഹിന്ദുക്കളുടെ പവിത്രമായ ഉത്സവം! മഹത്വപൂര്‍ണമായ അവസരത്തില്‍ മാംസാഹാരം കഴിക്കില്ലെന്ന നിലപാടില്‍ തെറ്റില്ല; ജെഎന്‍യു സംഘർഷത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

ദില്ലി: രാമാനവമി പൂജയുടെയും മാംസാഹാരത്തിന്റെയും പേരില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ജെ എന്‍ യു ക്യാമ്പസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി കേന്ദ്ര മന്ത്രി. രാമനവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുതെന്ന എബിവിപി വിദ്യാര്‍ത്ഥികളുടെ നിലപാട് തെറ്റല്ലെന്നാണ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് വ്യക്തമാക്കിയത്.

നമ്മുടെ രാജ്യം എല്ലാ സമുദായങ്ങളുടേതുമാണ്. അതിനാല്‍ എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കപ്പെടണം. രാമനവമി ഹിന്ദുക്കളുടെ പവിത്രമായ ഉത്സവമാണ്. അത്രയും മഹത്വപൂര്‍ണമായ അവസരത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ മാംസാഹാരം കഴിക്കില്ല എന്ന നിലപാട് എടുത്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല. ആഹാരം കഴിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം ഉണ്ടാകരുതെന്നും ജനങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും മന്ത്രി പറഞ്ഞു.

എ ബി വി പിയും ഇടത് സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു പിന്നാലെ ശക്തമായ പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ ജെ എന്‍ യു ക്യാമ്പസിൽ ഏറ്റുമുട്ടിയ ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും വ്യാപകമായ അക്രമം നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രാമനവമി പൂജ സംഘടിപ്പിക്കാനോ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാനോ ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയില്ല.

Related Articles

Latest Articles