കേരളത്തില്‍ അപകടരമായ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രിയും കളിക്കുന്നതെന്നും കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ഇവര്‍ ആഞ്ഞുശ്രമിക്കുകയാണ് എന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇത് തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായി എന്ന ഇടതുമുന്നണിയുടെ പ്രചരണം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.
സംസ്ഥാനത്ത് യുഡിഎഫ് തുല്യശക്തിയായി നിലനില്‍ക്കുന്നുവെന്നാണ് വാസ്തവം. അത് മറച്ചുവെച്ചുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നത്.കോര്‍പ്പറേഷനുകളില്‍ ഉദ്ദേശിച്ച വിജയം ഉണ്ടായില്ല. മുനിസിപ്പാലിറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. ജില്ലാ പഞ്ചായത്തിലാണ് കണക്ക് കൂട്ടലുകള്‍ തെറ്റിയത്. ഗ്രാമപഞ്ചായത്തില്‍ തുല്യമായ പോരാട്ടത്തിന് സാധിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്ദേശിച്ച വിജയം ഉണ്ടാകാത്തതില്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചുവരികയാണ്. സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങളും അതേപടി നിലനില്‍ക്കുകയാണ്. എന്നാല്‍ അഴിമതിയും കൊള്ളയും നടത്തിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി ചര്‍ച്ചാ വിഷയമാക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ്. പ്രാദേശിക തിരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച വര്‍ഗീയ പദ്ധതി ഇപ്പോള്‍ സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നു. മുസ്ലിംലീഗിനെ ചെളിവാരി എറിയാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു. കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിംലീഗിന് കഴിഞ്ഞിട്ടുണ്ട്. അര്‍ഹമല്ലാത്തത് ഒന്നും ഇക്കാലത്തിനിടയില്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കി അവരെ ശാക്തീകരിക്കുന്ന സഹായങ്ങള്‍ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ ധ്രൂവീകരണം വിജയിച്ചുവെന്ന് കണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇറങ്ങി തിരിച്ചിരിക്കുന്നത്. അത് കേരള സമൂഹത്തിന് ഉണ്ടാക്കുന്ന മാരകമായ പരിക്ക് എന്തുകൊണ്ടാണ് സിപിഎം തിരിച്ചറിയാത്തത് എന്ന് മനസ്സിലാകുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു

