Monday, June 17, 2024
spot_img

രാമേശ്വരം കഫേ സ്‌ഫോടനം; ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത്കർണാടക സ്വദേശി ഷോയിബ് അഹമ്മദ് മിർസ

ചെന്നൈ: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. കേസിൽ നേരത്തെ 4 പേർ പിടിയിലായിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോട്ടുവിനെ അന്വേഷണ സംഘം പിടികൂടിയത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയാണ് പിടിയിലായ ചോട്ടുവെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

ലഷ്‌കർ ഭീകരരുമായി ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഇയാൾ നേരത്തെ ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷവും ഭീകരരുമായി ഗൂഢലോചന നടത്തിയതായി എൻഐഎ കണ്ടെത്തി. ഇതോടെ ഷോയിബ് അഹമ്മദ് മിർസയ്ക്കായുള്ള അന്വേഷണം ശക്തമാക്കുകയായിരുന്നു. സ്ഫോടനം നടത്തിയതിൽ മുഖ്യ സൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിർ ഹുസൈൻ ഷാസിബിനേയും കൊൽക്കത്തയിൽ നിന്ന് എൻഐഎ നേരത്തെ പിടികൂടിയിരുന്നു.

സ്ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 11 ഇടങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയിരുന്നു. ലഷ്‌കർ- ഇ-ത്വയ്ബയുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികളുടെ വീടുകളിലും എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി.

കേസുമായി ബന്ധപ്പെട്ട് എൻഐഎ ഇതുവരെ ഇന്ത്യയിലെ 29 സ്ഥലങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിട്ടുണ്ട്. ടെക്കികളെ ലക്ഷ്യമിട്ട് ബെംഗളൂരുവിലെ സോഫ്റ്റ്വെയർ പ്രൊഫഷണലുകളിൽ ഭയം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്‌ഫോടനം നടത്തിയത്. ഇത്തരമൊരു സംഭവം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമെന്നും സംഘം കണക്കുകൂട്ടിയിരുന്നു എന്നാണ് കണ്ടെത്തൽ.

Related Articles

Latest Articles