തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 8.30ന് ശംഖുമുഖത്ത് വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നിയമസഭയില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 11.30നാണ് പരിപാടി നടക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം പുനെയിലേക്ക് പോകും.
കേരള നിയമസഭ ‘ആസാദി കാ അമൃത് മഹോത്സവ്’ – ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പവര്‍ ഓഫ് ഡെമോക്രസി – നാഷണല്‍ വിമന്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് കേരള-2022’ -ന്റെ ഉദ്ഘാടനം 26ന് രാവിലെ 11.30ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഇതേ തുടർന്ന് ചടങ്ങ് വീക്ഷിക്കാനെത്തുന്നവരുടെ വാഹന പാര്‍ക്കിങിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചു.

