Friday, January 9, 2026

ത്രിവർണ ശോഭയിലെ ഓണക്കാലം നേർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം; ഊഞ്ഞാൽപ്പാട്ടും ഓണക്കളികളും ഗ്രാമോത്സവങ്ങളുമായി ഈ ഓണത്തെ വരവേൽക്കാമെന്ന് ആശംസ

തിരുവനന്തപുരം: എല്ലാവർക്കും നന്മയുടെയും ഒരുമയുടെയും സന്തോഷം തുടിക്കുന്ന ഒരു നല്ല ഓണക്കാലം ആശംസിച്ച് പ്രാന്ത സംഘചാലക് രാഷ്ട്രീയ സ്വയംസേവക സംഘം. അഡ്വ. കെ.കെ. ബാലറാമാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്. രോഗാതുരമായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമൂഹമാകെ ഒത്തുചേർന്ന് ഓണം കൊണ്ടാടുന്നതെന്നും. ഊഞ്ഞാൽപ്പാട്ടും ഓണക്കളികളും ഗ്രാമോത്സവങ്ങളുമായി നമുക്ക് ഈ ഓണത്തെ വരവേൽക്കാമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ആശംസിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ ഒരു പരിധിവരെ നാം മറികടന്നിട്ടുണ്ട്. എങ്കിലും പുതിയ പുതിയ രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്നു. കരുതൽ അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് സാഹചര്യങ്ങൾ, ഒത്തുചേർന്ന് ഒരു കുടുംബമായി ഗ്രാമങ്ങൾ കഴിഞ്ഞിരുന്ന കാലത്തേക്ക് നമുക്ക് മടങ്ങണം. പൊന്ന് വിളഞ്ഞ പാടങ്ങളും, സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും നിറദീപം തെളിഞ്ഞിരുന്ന ഗ്രാമക്ഷേത്രങ്ങളും നമ്മുടെ ജീവിതത്തിന് നൽകിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല. എല്ലാ ഭിന്നതകൾക്കിടയിലും മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ നാളുകളുടെ ആനന്ദം പുതിയ തലമുറയിലേക്ക് പകരാൻ ഈ ഓണക്കാലം ഉപകരിക്കട്ടെന്നും ആർഎസ്എസ് വ്യക്തമാക്കി.

അമൃതോത്സവ കാലത്താണ് ഇക്കുറി ഓണത്തിന്റെ വരവ്. രാഷ്ട്രമാകെ. ഐക്യത്തിന്റെയും അഖണ്ഡതയുടെയും ത്രിവർണശോഭയണിഞ്ഞ മഹോത്സവ കാലം, മറവിയുടെ ചാരം മൂടിക്കിടന്ന വീരചരിത്രാനുഭവങ്ങൾ ഒന്നൊന്നായി പുനർജ്ജനിക്കുന്നു. കാടും നാടും നഗരവും രാഷ്ട്രവൈഭവ ത്തിന്റെ ധീര ഗാഥകൾ പാടുന്നു. ലോകം തണൽ തേടി നമ്മുടെ നാടിനെ നോക്കുന്നു. തൊഴിലന്വേഷികളിൽനിന്ന് തൊഴിൽ ദാതാക്കളിലേക്കുള്ള മാറ്റം. ഓരോ വ്യക്തിയും രാഷ്ട്രഗരിമയുടെ കാവൽക്കാരനാണെന്ന ബോധം, സേവനമാണ് ജീവനധർമ്മമെന്ന അനുഭവം, അരക്ഷിത ജീവിതത്തിൽ നിന്ന് ഭരതയിലേക്കുള്ള മുന്നേറ്റം.

പ്രപഞ്ച മംഗളകാരിണിയായ ഭാരതാംബയുടെ മക്കളാണ് നാം, യുദ്ധവും വറുതിയും രോഗവും പൊറുതി മുട്ടിച്ച രാജ്യങ്ങൾക്ക് ആശ്വാസവും ആഹാരവും ആരോഗ്യവും പകർന്നത് നമ്മുടെ നാടാണ്. ഇനിയൊരു ഇരുപത്തഞ്ച് കൊല്ലം…. സ്വതന്ത്ര ഭാരതത്തിന് നൂറ് വയസ്സ്…. അതിർത്തികൾക്കപ്പുറം പ്രപഞ്ചത്തിനാകെ സുഖമാഗ്രഹിക്കുന്ന ഒരു ലോകജീവിതത്തിലേക്ക് നമുക്ക് മുന്നേറാം. നമ്മുടെ നല്ലോണക്കാലത്തെ വീണ്ടെടുക്കാം. പല വർണങ്ങളിൽ നാം തീർക്കുന്ന പൂക്കളം പോലെ, പല രാഗങ്ങളിൽ നാം തീർക്കുന്ന ഓണപ്പാട്ടുകൾ പോലെ ഒരുമിച്ച് ഒത്തുചേർന്ന് മുന്നോട്ട് പോകാമെന്നും. ഏവർക്കും തിരുവോണത്തപ്പന്റെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles