മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി രവിശാസ്ത്രി തുടരും. രണ്ട് വര്‍ഷത്തേക്കാണ് രവിശാസ്ത്രിയുടെ നിയമനം. കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പരിശീലകനെന്ന നിലയിലുള്ള മികച്ച പ്രകടനമാണ് രവിശാസ്ത്രിയ്ക്ക് വീണ്ടും നറുക്ക് വീഴാന്‍ കാരണം.
ഐസിസി ടൂര്‍ണ്ണമെന്റുകള്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രിക്ക് കീഴില്‍ ടീം വളരെയേറെ മികവു കാട്ടിയെന്നാണ് പൊതു വിലയിരുത്തല്‍.ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇന്ത്യ കുറിച്ച ഐതിഹാസിക പരമ്പര ജയങ്ങള്‍ രവി ശാസ്ത്രിക്ക് മുതല്‍ക്കൂട്ടായി. സെമിയില്‍ പുറത്തായെങ്കിലും ലോകകപ്പില്‍ ടീം ഇന്ത്യ നടത്തിയ പ്രകടനവും ശാസ്ത്രിയുടെ നേട്ടമായാണ് ബോര്‍ഡ് കണക്കാക്കുന്നത്.
പരിശീലകനായി രവി ശാസ്ത്രി തുടരുന്നതാണ് തനിക്കും താരങ്ങള്‍ക്കും താത്പര്യമെന്ന് വിന്‍ഡീസ് പര്യടനത്തിന് തൊട്ടുമുന്‍പ് നായകന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. മുന്‍ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോബിന്‍സിംഗ്, ലാല്‍ചന്ദ് രജ് പുത്, മൈക്ക് ഹെസന്‍ , ടോം മൂഡി, ഫില്‍ സിമ്മണ്‍സ്, എന്നിവരാണ് രവി ശാസ്ത്രിക്ക് പുറമെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പോടെ, ഭരത് അരുണ്‍, സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ വിന്‍ഡീസ് പര്യടനം കണക്കിലെടുത്ത് 45 ദിവസത്തേക്ക് കൂടി ഇവര്‍ക്ക് ബിസിസിഐ കരാര്‍ നീട്ടി നല്‍കി. 2021 ട്വന്‍റി-20 ലോകകപ്പോടെ രവിശാസ്ത്രിയുടെ കരാര്‍ അവസാനിക്കും. എം.എസ്.കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയ്ക്കാണ് ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകരെ കണ്ടെത്താനുള്ള ചുമതല. ഇവര്‍ക്കും രണ്ടു വര്‍ഷത്തേക്ക് മാത്രമേ കരാര്‍ ലഭിക്കുകയുള്ളൂ..

