Wednesday, September 23, 2026

നിരക്കുകളിൽ മാറ്റമില്ലാതെ പണവായ്‌പ്പാ നയ അവലോകനം; അടുത്ത സാമ്പത്തിക വർഷം 7.8 % ജിഡിപി വളർച്ച പ്രവചിച്ച് റിസർവ് ബാങ്ക്

മുംബൈ: തുടർച്ചയായി പത്താമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. പലിശ നിരക്കുകളിൽ മാറ്റം വന്നേക്കാമെന്ന പ്രതീക്ഷ വിപണിയിൽ സജീവമായിരുന്നു. അക്കമൊഡേറ്റീവ് നയം തുടരാനും പണവായ്പ അവലോകന യോഗത്തില്‍ ധാരണയായി. രാജ്യത്തിൻറെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണപ്പെരുപ്പം അനുവദനീയമായ അളവിൽ നിന്നും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലും സാമ്പത്തിക വളർച്ചക്കാണ് കേന്ദ്ര ബാങ്ക് പ്രാധാന്യം നൽകിയത്. പണലഭ്യത ഈ ഘട്ടത്തിൽ കുറക്കുന്നത് കോവിഡ് കാലത്തെ മാന്ദ്യം തരണം ചെയ്യാനാകാത്ത സ്ഥിതിയുണ്ടാക്കും.

2021-22ലെ മൊത്തം ആഭ്യന്തര ഉത്പാദനം കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നു. 2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8ശതമാനമാണെന്നും റിസർവ് ബാങ്ക് പറയുന്നു. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരുകയാണ്. പണപ്പെരുപ്പ പരിധി 2-6 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും ആർ ബി ഐ ഗവർണ്ണർ ശക്തികാന്ത ദാസ് വ്യക്തമാക്കി

Related Articles

Latest Articles