Monday, April 29, 2024
spot_img

കള്ളൻ കപ്പലിൽ തന്നെ ! ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്. ഇയാൾ കോടതിയിൽ നിന്നും സ്വർണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വെക്കുകയായിരുന്നു. 2020 ലെ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതിന് പുറമേ മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചോയെന്നും അന്വേഷിക്കും. നിലവിൽ ഇയാളെ പേരൂർക്കട പോലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ഇയാള്‍ക്കെതിരെ നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.

2010 മുതൽ 2019 വരെയുള്ള കേസുകളിൽപ്പെട്ട് കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പോലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിയിരുന്നു. തുടർന്ന് അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്.

2018 – 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. 2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.

Related Articles

Latest Articles