Sunday, May 19, 2024
spot_img

ഹണി ട്രാപ്പ്; ആർഭാട ജീവിതത്തെത്തുടർന്നു കടം കയറിയ ദമ്പതികൾ ഒടുവിൽ പണത്തിനായി കുറ്റകൃത്യത്തിലേക്ക്; ഇരയെ എത്തിച്ചുകൊടുത്താൽ കമ്മീഷനായി 40,000 രൂപ കിട്ടുമെന്ന് മൊഴി നൽകി പ്രതികൾ

പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശി ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോയി കാറും പണവും ആഭരണവും എടിഎം കാർഡുകളും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ദമ്പതികൾ പ്രവർത്തിച്ചത് ഇടനിലക്കാരായി. കൊല്ലം പെരുന്നാട് സ്വദേശി ദേവു (24), ഭർത്താവ് കണ്ണൂർ മേലെ ചൊവ്വ വലിയന്നൂർ ഗോകുൽ ദീപ് (29) എന്നിവർ ഉൾപ്പെടെ ആറു പേരാണ് കേസിൽ പിടിയിലായത്. ദേവു–ഗോകുൽ ദീപ് ദമ്പതികൾ സമൂഹമാധ്യമങ്ങളി‍ൽ സജീവമാണ്.

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ റീൽസ് വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ഫോളോവേഴ്സുണ്ട്. എന്നാൽ ആർഭാട ജീവിതത്തെത്തുടർന്നു കടം കയറിയ ഇവർ ഒടുവിൽ പണത്തിനായി ഹണിട്രാപ്പിലേക്കു തിരിയുകയായിരുന്നു. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍ കിട്ടുമെന്നാണ് ദമ്പതികൾ പൊലീസിനു നൽകിയ മൊഴി.

പാലാ രാമപുരം സ്വദേശി ശരത് (24), ഇരിങ്ങാലക്കുട സ്വദേശികളായ വിനയ്(24), കാക്കേരി ജിഷ്ണു (20), അജിത് (20) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ശരത് ആണ് ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരൻ. ഇരിങ്ങാലക്കുടയിലെ ധനകാര്യ സ്ഥാപന ഉടമയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് പരാതിക്കാരന്റെ വീടിനു മുകളിലായിരുന്നു താമസം.

പ്രതികളുടെ വലയിൽ വീഴാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ശരത് സ്ത്രീയുടെ പേരിൽ പ്രൊഫൈൽ തയാറാക്കി സമൂഹമാധ്യമം വഴി പരാതിക്കാരനുമായി അടുപ്പമുണ്ടാക്കിയാണു തട്ടിപ്പിനു കളമൊരുക്കിയത്. തുടർന്നു ദേവുവിനെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്കു വിളിച്ചു വരുത്തി. ഭർത്താവ് വിദേശത്താണെന്നും അമ്മ ആശുപത്രിയിലാണെന്നുമാണു പറഞ്ഞിരുന്നത്. പരാതിക്കാരൻ 28നു പകൽ പാലക്കാട്ടെത്തി. ഒലവക്കോട്ടാണ് ആദ്യം കണ്ടത്. രാത്രിയോടെ സംഘം യാക്കരയിലെ വാടക വീട്ടിലെത്തിച്ചു.

അവിടെ ശരത് ഉൾപ്പെടെയുള്ളവർ സദാചാര ഗുണ്ടകളെന്ന വ്യാജേനയെത്തി ദേവുവിനെ മർദ്ദിക്കുന്നതായി കാണിച്ചു. തുടർന്നു പരാതിക്കാരന്റെ 4 പവൻ സ്വർണമാല, മൊബൈൽ ഫോൺ, 1000 രൂപ, എടിഎം കാർഡുകൾ എന്നിവ തട്ടിയെടുത്ത ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ചു കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. കൊടുങ്ങല്ലൂരിൽ എത്തുന്നതിനു മുൻപു മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നി‍ർത്തിയപ്പോൾ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്കു സംഭവം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു വിളി എത്തിയതോടെ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles