Thursday, November 5, 2026

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗ നിയന്ത്രണം ! കോടതിയ്ക്ക് ഉത്തരവുകൾ നൽകാനാവില്ല, കേന്ദ്രസർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ദില്ലി ഹൈക്കോടതി, പൊതുതാൽപ്പര്യ ഹർജി തള്ളി!

ദില്ലി : 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശനം നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളി ദില്ലി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇക്കാര്യത്തിൽ കോടതിക്ക് നേരിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വി. കാമേശ്വർ റാവു, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

16 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുക, കർശനമായ പ്രായം പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, രാത്രികാല കർഫ്യൂ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒരു കുട്ടിയുടെ മാതാവും ശിശുരോഗ വിദഗ്ദ്ധനും ചേർന്നാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പിലാക്കാത്തത് കാരണം കുട്ടികളിൽ ഡിജിറ്റൽ ആസക്തി വർദ്ധിക്കുന്നതായും ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ഈ വിഷയം വിപുലമായ ചർച്ചകളും ഓഹരി ഉടമകളുടെ അഭിപ്രായങ്ങളും ആവശ്യമുള്ള ഒരു നയപരമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച കോടതി, ഹർജി ഒരു നിവേദനമായി പരിഗണിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കാമെന്നും സർക്കാർ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അറിയിച്ചു. നിലവിലുള്ള ഐ.ടി. നിയമങ്ങളും ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമങ്ങളും നിലവിലുണ്ടെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ളതാണ് ഈ ഹർജി. ഹർജി തള്ളിയെങ്കിലും വിഷയം ഗൗരവകരമായി പരിശോധിച്ച് സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റൽ ആസക്തിയും ഓൺലൈൻ ഭീഷണികളും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി രാജ്യങ്ങളാണ് ഇതിനകം നിയമനിർമ്മാണങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്.ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി മാറിയത് ഓസ്‌ട്രേലിയയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ടോക്, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് ഓസ്‌ട്രേലിയ ഔദ്യോഗികമായി രാജ്യവ്യാപക നിരോധനം നടപ്പിലാക്കിക്കഴിഞ്ഞു. കമ്പനികൾ കർശനമായ പ്രായപരിധി പരിശോധന (age-verification) നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ഭീമാതഖമായ തുക പിഴയായി നൽകേണ്ടി വരുമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓസ്‌ട്രേലിയക്ക് പുറമെ ബ്രസീൽ പോലുള്ള രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാക്കളുടെ അനുമതിയുമായി ബന്ധിപ്പിക്കണമെന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഡെൻമാർക്ക്, സ്പെയിൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കായുള്ള സോഷ്യൽ മീഡിയ നിരോധനമോ കർശന നിയന്ത്രണങ്ങളോ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഫ്രാൻസിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ ഉപയോഗം തടയുന്നതിനുള്ള നിയമങ്ങൾക്ക് അന്തിമ രൂപം നൽകിയിട്ടുണ്ട്. കാനഡയും ബ്രിട്ടനും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ പ്രവേശനം നിരോധിക്കുന്നതിനുള്ള സുപ്രധാന ബില്ലുകളും നിയമങ്ങളും അവതരിപ്പിച്ചു കഴിഞ്ഞു. കൂടാതെ ആസ്ട്രിയ, ഡെൻമാർക്ക്, നോർവെ, തുർക്കി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും 14-നും 15-നും താഴെയുള്ള കുട്ടികൾക്കായി സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലാകട്ടെ കുട്ടികളുടെ ഓൺലൈൻ സമയം വെട്ടിക്കുറയ്ക്കാനും ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുമായി ‘മൈനർ മോഡ്’ പോലുള്ള സംവിധാനങ്ങൾ കർശനമായി പാലിച്ചുവരുന്നുണ്ട്.

Related Articles

Latest Articles