Tuesday, April 30, 2024
spot_img

തോൽവിയുടെ കഥകൾ മാത്രമല്ല ചരിത്രത്തിൽ ത്രസിപ്പിക്കുന്ന വിജയങ്ങൾ പറയുന്ന അദ്ധ്യായങ്ങളുമുണ്ട്; ശ്രീപത്മനാഭന്റെ മണ്ണിനെ കണ്ണുവച്ച യൂറോപ്യൻ ആക്രമണകാരികളെ മുട്ടുകുത്തിച്ച കുളച്ചൽ യുദ്ധത്തിന്റെ കഥപറയുന്ന ഡോക്യൂമെന്ററി പ്രദർശനം നാളെ; തത്വമയി അവതരിപ്പിക്കുന്ന ‘ദ ബാറ്റിൽ ഓഫ് കൊളച്ചൽ’ പറയുന്നത് ഈ നാടിന്റെ സമാനതകളില്ലാത്ത വിജയഗാഥ

തിരുവനന്തപുരം: തത്വമയി അവതരിപ്പിക്കുന്ന ‘ദ ബാറ്റിൽ ഓഫ് കുളച്ചൽ’ എന്ന ചരിത്ര ഡോക്യൂമെന്ററിയുടെ പ്രദർശനം നാളെ. തത്വമയി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വൈകുന്നേരം 06:00 മണിക്കാണ് റിലീസ്. തിരുവിതാംകൂറിനെ ആക്രമിക്കാനെത്തിയ ഡച്ച് സൈന്യത്തെ കുളച്ചലിൽ നമ്മുടെ വീരന്മാർ മുട്ടുകുത്തിച്ച വീരഗാഥയാണ് ചരിത്രത്തിൽ കുളച്ചൽ യുദ്ധം. ഈ ചരിത്രം പറയുന്ന ഡോക്യൂമെന്ററിയാണ് ‘ദ ബാറ്റിൽ ഓഫ് കുളച്ചൽ’. തത്വമയിക്ക് വേണ്ടി ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത് പ്രവാസി യുവാവായ മനു ഹരിയാണ്. പ്രശസ്‌ത യുവ സംവിധായകൻ യദു വിജയകൃഷ്‌ണൻ ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം വിഷ്‌ണു വി ദിവാകരൻ. വി പ്രഭു ആണ് ഫോട്ടോഗ്രാഫി ഡയറക്ടർ.

ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു കുളച്ചൽ യുദ്ധം. പീരങ്കിയോടു കൂടിയ ഒരു ഡച്ചു സൈന്യം തിരുവിതാംകൂർ അക്രമിക്കുന്നതിനായി സിലോണിൽ നിന്നു പുറപ്പെട്ടു. കുളച്ചലിൽ കാലുകുത്തിയ ഡച്ചു സൈന്യം കോട്ടാർവരെയുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ ആക്രമിക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. തുടർന്ന് ഡച്ചു സൈന്യം മാർത്താണ്ഡവർമ്മയുടെ ആസ്ഥാനമായ കൽക്കുളത്തിലേക്കു നീങ്ങി. 1741 ഓഗസ്റ്റ് 10 ന് ഡച്ചു സൈന്യവും മാർത്താണ്ഡവർമ്മയുടെ സൈന്യവും തമ്മിൽ കുളച്ചലിൽ വച്ച് ഏറ്റുമുട്ടി. ഡച്ചു സൈന്യം നിശ്ശേഷം പരാജയപ്പെട്ടു.

ഈ യുദ്ധത്തിൽ ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ ധാരാളം ഡച്ചുകാർ തടവുകാരായി പിടിക്കപ്പെട്ടു. അദ്ദേഹം പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ ‘വലിയ കപ്പിത്താനായി’ ത്തീർന്നു. കുളച്ചൽ യുദ്ധം ഡച്ചു ശക്തിക്ക് മാരകമായ പ്രഹരമേൽപ്പിച്ചു. അവരുടെ കുതിപ്പിനു അത് തടയിട്ടു. ഒരു വിദേശശക്തിക്കും മുന്നിൽ ജന്മനാടിന്റെ ആത്മാഭിമാനം അടിയറവ് വയ്ക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത ധീര ദേശാഭിമാനികളുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം കൂടിയാണ് ‘ദ ബാറ്റിൽ ഓഫ് കുളച്ചൽ’

Related Articles

Latest Articles