Saturday, May 18, 2024
spot_img

ആവർത്തിക്കുന്ന സ്ഫോടനങ്ങൾ ! പോലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നുവെന്ന് എഡിജിപി എം.ആർ. അജിത് കുമാർ ! സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദേശം

കണ്ണൂർ : പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് നിർദേശം നൽകി ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം.ആർ. അജിത് കുമാർ. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും പ്രത്യേക നിർദ്ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പാനൂരിൽ നടന്ന സ്ഫോടനം പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

“സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളാണ് പാലിക്കാതിരുന്നത്. പ്രോട്ടോക്കോളിൽ നിന്നുള്ള വ്യതിയാനം തെളിവുശേഖരണത്തിൽ പോലും തടസ്സങ്ങൾ ഉണ്ടാക്കി. പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനമുണ്ട്. ബോംബ് സ്ഫോടനങ്ങൾ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകണം. അതിന് ആവശ്യമായ പിന്തുണ പൊലീസ് നൽകണം. ആവശ്യമെങ്കിൽ എൻഎസ്ജി സേവനം ആവശ്യപ്പെടാം. സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദ്രുതകർമ സേനയെ നിയോഗിക്കണം” – ഉത്തര മേഖല, ദക്ഷിണ മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, എടിഎസ് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് എഡിജിപി നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പത്തിലധികം സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. തുരുമ്പിച്ച ആണി, ലോഹ ചീളുകൾ, കുപ്പിച്ചില്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ബോംബുകൾ നിർമ്മിച്ചിരിക്കുന്നത്.മതിലിലും കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.

Related Articles

Latest Articles