Saturday, May 18, 2024
spot_img

“സൈനിക ശക്തി വിളിച്ചോതി പരേഡ്, ആകാശവിസ്മയം തീർത്ത് 75 യുദ്ധ വിമാനങ്ങൾ”;ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി സൈന്യം

ദില്ലി: ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ (Republic Day Celebrations In India) നടന്നുകൊണ്ടിരിക്കുകയാണ്. ദില്ലിയിലെ രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡിന് വർണാഭമായ തുടക്കമാണ് നടന്നത്. റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് മാറ്റ് കൂട്ടി സൈനികാഭ്യാസ പ്രകടനങ്ങൾ നടന്നു. രാജ്യത്തിൻറെ പ്രതിരോധ കരുത്ത് വിളിച്ചോതി ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകൾ പരേഡിൽ പങ്കെടുത്തു. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗും സേനാ മേധാവികളും പങ്കെടുത്തു. പത്തരയോടെ രാജ് പഥിൽ പരേ‍ഡ് തുടങ്ങി.

കോവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടന്നത്. 21 നിശ്ചലദൃശങ്ങൾ പരേഡിലുണ്ടായി. ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല. തലസ്ഥാന നഗരത്തിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ദില്ലി ഉൾപ്പടെയുള്ള നഗരങ്ങൾ അതീവ ജാഗ്രതയിലാണ്. അതേസമയം പരേഡിൽ അണിനിരന്നത് സംസ്ഥാനങ്ങളുടെ 21 നിശ്ചലദൃശ്യങ്ങളാണ്. വ്യത്യസ്ഥ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ അവതരിപ്പിച്ചു. രാജ്യം എത്രത്തോളം വികസിച്ചു എന്നതിന് തെളിവാണ് ഓരോ ടാബ്ലോയിലൂടെയും വിളിച്ചോതുന്നതും. എൻസിസി അംഗങ്ങൾ നയിക്കുന്ന ‘ഷഹീദോം കോ ശത് ശത് നമൻ’ എന്ന പരിപാടിക്ക് നാളെ ആരംഭമാകും. വരും വർഷങ്ങളിലും അത് കാണാനാവും. ഇതിനു പുറമെ 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന ‘ഇന്ത്യൻ എയർഫോഴ്സ് ഷോ ഡൗൺ’, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തെരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്ക്രോളുകൾ അണിനിരക്കുന്ന ‘കലാ കുംഭ്’ നടക്കും.

അതോടൊപ്പം എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീർ ഗാഥ’ പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ എൽഇഡി സ്ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും.
പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിച്ചത്.

Related Articles

Latest Articles