Monday, May 20, 2024
spot_img

ബിജെപി നേതാവിൻെറ കൊലപാതകം: അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം, പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് ആക്ഷേപം

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ (Ranjit Srinivasan Murder) കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. കേസിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ , മുഴുവൻ പ്രതികളെ പിടികൂടാനോ സാധിക്കാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം എന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. അതേസമയം കൊലപാതകത്തിൽ വ്യക്തമായ ഭീകര സാന്നിധ്യം ഉണ്ടെന്നും , അന്വേഷണം എൻ ഐ എ ക്ക് കൈമാറണം എന്നുമാണ് ബി ജെ പി യുടെ ആവശ്യം. ഈ ആവശ്യമുയർത്തി വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

2021 ഡിസംബർ 19-ന് പുലർച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയത് . പന്ത്രണ്ട് അംഗ സംഘമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിൽ എട്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ള നാല് അക്രമികളെക്കുറിച്ച് പോലീസിന് ഒരു വിവരവും ഇല്ല . അക്രമികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത്.

കൊലപാതക സംഘത്തിന് തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും സഹായം ലഭിച്ചെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോഴും അന്വേഷണം പ്രാദേശിക നേതാക്കളിൽ ഒതുങ്ങുകയാണ്. മാസങ്ങളായുള്ള ആസൂത്രണം കൊലപാതകത്തിൽ ഉണ്ടായെന്നും , അക്രമികൾ രൺജിത്തിനെ കൊലപ്പെടുത്താൻ വ്യക്തമായ പദ്ധതി നേരത്തെ തന്നെ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

പരിശീലനം സിദ്ധിച്ച പോപ്പുലർഫ്രണ്ട് തീവ്രവാദികൾ ആണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള സി പിഎം -എസ് ഡി പി ഐ രഹസ്യ സഖ്യം കൊലപാതകത്തിന്റെ ഗൂഡലോചന പുറത്ത് കൊണ്ടുവരുന്നതിൽ അന്വേഷണ സംഘത്തിന് സമ്മർദ്ദം സൃഷ്ടിക്കുന്നതായി പോലീസ് വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയിൽ അന്വേഷണം നടത്താതെയും , കൊലപാതകത്തിലെ സംസ്ഥാനാന്തര ബന്ധം പുറത്തു കൊണ്ട് വരാതെയും , പ്രാദേശിക പ്രവർത്തകരിലേക്ക് ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് നീക്കമെന്നും ആക്ഷേപമുണ്ട്.

Related Articles

Latest Articles