ദില്ലി:സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ നടക്കുക ഈ മാസം പത്തിന്. ദില്ലി കൻ്റോണ്മെൻ്റിൽ തന്നെയാവും ചടങ്ങുകൾ നടക്കുക.
രണ്ട് പേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. സൈന്യത്തിൻ്റെ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതികശരീരങ്ങൾ എത്തിക്കുക.
63 വയസുകാരനായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഉച്ചയോടെ സുലൂരിലെ വ്യോമത്താവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 12.30നായിരുന്നു അപകടമുണ്ടായത്. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ഇന്ന് വൈകിട്ടോടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം ഭാരതത്തിന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനത്തിനാണ് രാജ്യം ഇന്ന് സാക്ഷിയായത്. ഇന്ത്യയുടെ സംയുക്ത സൈനിക സേനാ മേധാവിയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ നടുക്കത്തിൽ നിന്നും രാജ്യം ഇതുവരെ മുക്തിനേടിയിട്ടില്ല.
അപകടം സംഭവിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ സൈനിക മേധാവി ബിപിൻ റാവത്ത് അപകട നില തരണം ചെയ്തുവെന്ന വാർത്ത കേൾക്കാൻ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളും പ്രാർത്ഥനയിൽ മുഴുകി.
എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ അപകടത്തിൽപ്പെട്ട 14 പേരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നു.
ഒടുവിൽ സംയുക്ത സൈനിക മേധാവിയും മരിച്ച 13 പേരിൽ ഉൾപ്പെട്ടുവെന്ന് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യം നിശ്ചലമായി. സൈനിക ശക്തിയിൽ ഏറെ കരുത്തുറ്റ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഉൾപ്പെടെ അന്തരിച്ചതോടെ ലോകം മുഴുവനും രാജ്യത്തേക്ക് ഉറ്റുനോക്കി.
ഇതോടെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഉൾപ്പെടെ എല്ലാ നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും അനുശോചന പ്രതികരണങ്ങളുമായെത്തി.
നാലുപതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി ധീരതയോടെ പോരാടിയ സൈനികന്റെ വിയോഗം നികത്താനാകില്ലെന്നാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചത്. ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹിയെന്ന് പ്രതികരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിപിൻ റാവത്തിന് പ്രണാമമർപ്പിച്ചത്. അത്യധികം സമർപ്പണബോധത്തോടെ മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ബിപിൻ റാവത്തിന്റെ വിടവാങ്ങൽ തീരാനഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും നികത്താനാകാത്ത നഷ്ടമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് പറഞ്ഞ രാഹുൽഗാന്ധി അപ്രതീക്ഷിത സംഭവമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിനിമ താരങ്ങളും ഉൾപ്പടെ നിരവധി പേർ സംസ്ഥാനത്ത് ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യയ്‌ക്ക് ഒരു നായകനെ നഷ്ടപ്പെട്ടുവെന്ന് മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു. ബിപിൻ റാവത്തിന്റെ മാതൃകാപരമായ സേവനം രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അത്യധികം നടുക്കത്തിലാണെന്നും വിടപറഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായുമാണ് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരുമിച്ച് തന്നോടൊപ്പം പ്രവർത്തിച്ചയാളാണ് ബിപിൻ റാവത്തെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
സായുധ സേനയ്‌ക്കും രാജ്യത്തിനും ബിപിൻ റാവത്ത് സമർപ്പിച്ച സേവനം താരതമ്യപ്പെടുത്താൻ പോലും സാധിക്കാത്തതാണെന്നാണ് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പ്രതികരിച്ചത്.
തീർത്തും ദാരുണവും ഭയാനകവും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും കുനൂറിൽ നിന്നും വരുന്നത് തികച്ചും ദാരുണമായ വാർത്തയാണെന്ന് മമതാ ബാനർജിയും പ്രതികരിച്ചു.
ബിപിൻ റാവത്ത് എന്ന മുതിർന്ന സൈനികന്റെ അർപ്പണ ബോധവും അച്ചടക്കവും ഈ രാജ്യം എന്നുമോർക്കുമെന്നും സായുധസേനയ്‌ക്ക് അദ്ദേഹം നൽകിയത് മഹത്തായ സംഭാവനകളായിരുന്നുവെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രതികരിച്ചു

