മലമ്പുഴ: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ ഊർജ്ജിത നീക്കങ്ങളുമായി സൈന്യം(Man Trapped In Malambuzha). ബാബുവിന് അടുത്ത് സൈന്യം എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. സൈനിക സംഘം ബാബുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
അതേസമയം ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് സൈന്യം പറയുന്നത്. രാത്രിമുഴുവന്‍ രക്ഷദൌത്യത്തിലായിരുന്നു സൈന്യം. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. ബാബുവിന് 300 മീറ്റര്‍ അടുത്ത് സൈന്യം എത്തിയെന്നാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബാബുവുമായി സൈനിക സംഘം സംസാരിച്ചത്. ബാബു വെള്ളം… വെള്ളം എന്ന് പറയുന്നത് കേള്‍ക്കാം.
രണ്ട് യൂണിറ്റുകളാണ് സൈന്യത്തിനായി ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് സൈന്യത്തിന്‍റെ നടപടികള്‍. പ്രദേശിക സഹായവും സൈന്യത്തിന് ലഭിക്കുന്നുണ്ട്. നാട്ടുകാരും മാധ്യമങ്ങളും അടക്കം കഴിഞ്ഞ രാത്രി മുഴുവന്‍ സൈനിക ദൗത്യത്തിന് പിന്തുണയുമായി ഉറക്കമൊഴിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് ചെറാട് മലയ്ക്ക് അടുത്ത് കാണാന്‍ സാധിച്ചത്. യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും.

