Monday, May 6, 2024
spot_img

വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയിൽ വലിയ പുരോഗതിയെന്ന് ഡോക്ടർമാർ; ,മടങ്ങിവരവിനായി പ്രാർത്ഥനയോടെ മലയാളക്കര

കോട്ടയം: മലയാളക്കര ഒന്നാകെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാവ സുരേഷിന്റെ മടങ്ങിവരവിനായി തീവ്ര പ്രാർത്ഥനയിലാണ്. എന്നാലിപ്പോൾ അതിന് ഫലമുണ്ടായി എന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയിൽ വലിയ പുരോഗതിയെന്ന് ഡോക്ടർമാർ. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

എന്നാൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. ഇന്നലെ തന്നെ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറ് പ്രവർത്തിക്കുന്നുണ്ടെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കിയിരുന്നു. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല.

തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ ആന്റി വെനം നൽകിയിരുന്നു.

Related Articles

Latest Articles