ബെംഗളൂരു : ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽപ്പെട്ട എസ്എംവിടി ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12864) റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ആളുകൾ സുരക്ഷിതരാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വ്യക്തമാക്കി. 994 യാത്രക്കാരാണ് റിസർവേഷൻ ചെയ്തിരുന്നത്. ഈ കോച്ചുകളിൽ യാത്ര ചെയ്ത ആർക്കും പരിക്ക് പറ്റിയിട്ടില്ല. ജനറൽ കോച്ചിൽ യാത്ര ചെയ്തവർക്കാണു അപകടത്തിൽ പരിക്കേറ്റത്.
മുന്നൂറോളം പേരാണ് ജനറൽ കോച്ചുകളിലായി ഹൗറ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്നത്. ബ്രേക്ക് വാൻ ഉൾപ്പെടെ 2 ജനറൽ കോച്ചുകളാണ് പാളം തെറ്റിയത്. എൻജിൻ ഉൾപ്പെടെ 19 കോച്ചുകൾക്കു കേടുപാടുകളില്ല. ഈ കോച്ചുകൾ സുരക്ഷിതമായി പുലർച്ചെ 3.45ന് ബാലസോറിലെത്തിക്കുകയും തുടർന്ന് ഇതേ കോച്ചുകളിൽ റിസർവ് ചെയ്ത യാത്രക്കാരുമായി ട്രെയിൻ രാവിലെ 5.08ന് ബാലസോറിൽനിന്നു ഹൗറയിലേക്ക് യാത്ര പുനരാരംഭിക്കുകയും ചെയ്തു. ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അഡീഷനൽ മാനേജർ കുസുമ ഹരിപ്രസാദ് വ്യക്തമാക്കി.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു–ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പാളം തെറ്റിക്കിടന്നിരുന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.
ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

