Friday, May 17, 2024
spot_img

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ബജറ്റിലൊന്നുമില്ല’; ഐസക്കിന്റേത് ഫാന്റസി ബജറ്റെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയില്‍ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രിയെന്നും ഇത് താങ്ങാനുള്ള കരുത്ത് കേരളത്തില്ലെന്നും ചെന്നിത്തല ബജറ്റിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടുമെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. സാമ്പത്തിക മാന്ദ്യം കാരണം റിയല്‍ എസ്റ്റേറ്റ് മേഖല ആകെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വരുന്ന ഈ പ്രഖ്യാപനം. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടുമെന്നാണ് ചെന്നിത്തല പറയുന്നത്. പോക്ക് വരവ് നികുതിയും റവന്യു സേവനങ്ങള്‍ക്കുള്ള നികുതിയും കൂട്ടിയതിനെയും പ്രതിപക്ഷ നേതാവ് നിശതമായി വിമര്‍ശിച്ചു.

ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നുവെന്നും. എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാടന്‍ കാപ്പി ബ്രാന്‍ഡും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്നും ആ കാപ്പി കുടിക്കാന്‍ കേരളത്തിലാര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്റെ കാലം മുതല്‍ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം ഇത് വരെ കൊടുത്തിട്ടില്ലെന്ന് ആരോപിച്ച ചെന്നിത്തല ഈ ബജറ്റിലെ പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബജറ്റിലെ കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ ചെന്നിത്തല നികുതി പിരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഭാരം പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും, ഇത് ജനവിരുദ്ധ ജനദ്രേഹ ബജറ്റാണെന്നും ആരോപിച്ചു. കേന്ദ്ര ബജറ്റില്‍ നിര്‍മ്മല സീതാരമന്‍ നടത്തിയതിന് സമാനമായ വാചക കസര്‍ത്ത് മാത്രമായിരുന്നു ഐസക്കിന്റേതെന്ന് ചെന്നിത്തല ആക്ഷേപിച്ചു.

Related Articles

Latest Articles