ഇന്ന് ഇന്ത്യൻ ചലച്ചിത്ര നടിയും സംവിധായികയുമായ രേവതിയുടെ ജന്മദിനം.1966 ജൂലൈ 8-ന് കൊച്ചിയിൽ ജനിച്ച രേവതിയുടെ ശരിയായ പേര് ആശാ കേളുണ്ണി എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും രേവതിയുടെ പേര്. ഒരു അഭിനേത്രിയെന്നതിനും സംവിധായകയെന്നതിനും പുറമേ ഒരു മികച്ച നർത്തകി കൂടിയാണ് താരം.
1983 -ൽ പുറത്തിറങ്ങിയ ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേവതി തന്റെ സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത് . എന്നാൽ മലയാളികൾക്ക് ഇവരെ ആദ്യമായി പരിചയപ്പെടുത്തിയത് സംവിധായകൻ ഭരതൻ ആണ്. കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലൂടെ. തന്റെ യഥാർത്ഥ പേരിൽ തന്നെ രേവതി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തുടർന്ന് ശക്തമായ കഥാപാത്രങ്ങളെ അവർ അഭിനയിച്ചു ഫലിപ്പിച്ചു .
കാറ്റത്തെക്കിളിക്കൂട്’ മുതല്‍ ‘വൈറസ്’ വരെയുള്ള വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ അവര്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ‘കിലുക്ക’ത്തിലെ നന്ദിനിയും, ‘ദേവാസുര’ത്തിലെ ഭാനുമതിയും ‘പാഥേയ’ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്. ശരിക്കും പറയുകയാണെങ്കിൽ, എൺപതുകളിലേയും തൊണ്ണൂറുകളിലേയും നായികമാരിൽ ഏറ്റവും കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ലഭിച്ച വ്യക്തിത്വമാണ് ഇവർ . പിന്നീട് അങ്ങോട്ട് ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം അഭിനയ മികവു തെളിയിച്ചു.
20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1992-ല്‍ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയപുരസ്ക്കാരം ലഭിച്ചു.1988 ല്‍ വിവാഹിതയായി . സുരേഷ്മേനോനുമായിട്ടായിരുന്നു വിവാഹം . എന്നാൽ 2002 ല്‍ വിവാഹ മോചനം നേടി.

