Saturday, May 18, 2024
spot_img

സംഭരണ ലൈസൻസ് പുതുക്കാൻ റവന്യു വകുപ്പിന്റെ കർശന വ്യവസ്ഥകൾ; റേഷൻ മണ്ണെണ്ണ വില ഇടിഞ്ഞിട്ടും എത്തിക്കാൻ ഡീലർമാരില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളിലൂടെ കാർഡ് ഉടമകൾക്കു ലഭിക്കുന്ന മണ്ണെണ്ണയുടെ വില ഇടിഞ്ഞു. ആഗോള സാഹചര്യങ്ങൾ കാരണമാണ് രാജ്യത്തെ എണ്ണ കമ്പനികൾ വില കുറച്ചത്. പക്ഷേ, സംഭരണ ലൈസൻസ് പുതുക്കാൻ റവന്യു വകുപ്പ് കർശന വ്യവസ്ഥകൾ മുന്നോട്ടുവച്ചതും ചെലവ് കൂടിയതും കാരണം മൊത്ത വിതരണം നടത്തേണ്ട ഡീലർമാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞതോടെ സംസ്ഥാനത്ത് ആവശ്യത്തിനു മണ്ണെണ്ണ ലഭിക്കാത്ത അവസ്ഥയാണ്.

200ൽ പരം ഡീലർമാർ ഉണ്ടായിരുന്നത് ഇപ്പോൾ നൂറോളമായി ചുരുങ്ങി. 2002ലെ പെട്രോളിയം ചട്ടങ്ങൾ പ്രകാരമാണ് കലക്ടർമാർ ലൈസൻസ് പുതുക്കുന്നത്. പുതിയ ലൈസൻസ് ലഭിക്കാൻ പൊലീസ്, തഹസിൽദാർ, അഗ്നിരക്ഷാസേന എന്നിവർ നൽകുന്ന എൻഒസി വേണം. ലൈസൻസ് പുതുക്കാനും എൻഒസി വേണമെന്ന് കലക്ടർമാർ നിർദേശിച്ചതോടെ പല ഡീലർമാരും മടിച്ചു. സാങ്കേതിക നൂലാമാലകളും ചെലവും ആണ് കാരണം. അതെസമയം ഇവരിൽ പല ഡീലർമാരും കഴിഞ്ഞ വർഷം തന്നെ എണ്ണ കമ്പനികൾക്ക് ഫീസ് അടച്ചെങ്കിലും പുതുക്കിയ ലൈസൻസ് കാണിക്കാതെ മണ്ണെണ്ണ നൽകില്ലെന്ന നിലപാടിലാണ് കമ്പനികൾ . കുറഞ്ഞ അളവിലുള്ള മണ്ണെണ്ണ സ്റ്റോക്ക് എടുക്കാൻ ഒത്തിരിയകലെയുള്ള ഡിപ്പോ വരെ പോകുന്നത് നഷ്ടമാണെന്ന് റേഷൻ വ്യാപാരികളും പറയുന്നു.

കഴിഞ്ഞ ഏപ്രിലിൽ മണ്ണെണ്ണ വില ലീറ്ററിന് 83 രൂപയായിരുന്നത് നിലവിൽ 63 രൂപയാണ്.
നിലവിൽ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 3 മാസത്തേക്ക് അര ലീറ്റർ മണ്ണെണ്ണയാണു വിതരണം ചെയ്യുന്നത്.

Related Articles

Latest Articles