Wednesday, December 31, 2025

ലഹരിമരുന്ന് കേസ്; നടി റിയ ചക്രവർത്തിയുടെയും, സഹോദരൻ ഷൊവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയുടെയും, സഹോദരൻ ഷൊവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈ പ്രത്യേക സെഷൻസ് കോടതിയാണ് വിധി പറയുന്നത്. അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങൾ പണമുണ്ടാക്കുന്നുവെന്ന മൊഴികളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെയും സഹോദരൻ ഷൊവിക് ചക്രവർത്തിയെയും മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചത്.

കുറ്റം സമ്മതിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം സമ്മർദ്ദം ചെലുത്തിയെന്നും പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ചോദ്യം ചെയ്യൽ സംഘത്തിലുണ്ടായിരുന്നതെന്നും റിയ ചക്രവർത്തി കോടതിയിൽ ആരോപിച്ചു. പ്രോസിക്യൂഷന്‍റെയും കൂടി വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷകളിൽ ഇന്ന് വിധി പറയാൻ സെഷൻസ് കോടതി തീരുമാനിച്ചത്.

Related Articles

Latest Articles