Monday, December 29, 2025

മാനസികവും ശാരീരികവുമായുള്ള പീഡനം; യുട്യൂബർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

കോഴിക്കോട്: യുട്യൂബ് വ്‌ളോഗറായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്ത് കാക്കൂര്‍ പൊലീസ് .ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മാര്‍ച്ച്‌ ഒന്നിന് പുലര്‍ച്ചെയോടെയാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 306, 498 എ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് കേസ്.

റിഫയുടെ മരണത്തിന് മാനസികമായും ശാരീരികമായുമുള്ള പീഡനവും കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. നാട്ടില്‍ കൊണ്ടുവന്ന ശേഷമാണ് റിഫയുടെ മൃതദേഹം സംസ്‌കരിച്ചത്.ദുരൂഹ മരണമായതുകൊണ്ട് മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു.

തുടര്‍ന്ന് കാക്കൂര്‍ പൊലീസ് എസ്പിയുടെ നിര്‍ദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇരുവർക്കും 2 വയസ്സുള്ള മകനുണ്ട്.

Related Articles

Latest Articles