ഋഷി സുനക് ആത്യന്തികമായി ഒരു ബ്രിട്ടീഷ് പൗരനാണെന്നും, അയാളുടെ കൂറും കടപ്പാടും ബ്രിട്ടനോട് മാത്രമായിരിക്കുമെന്നും, ഇന്ത്യയും ബ്രിട്ടണും തമ്മിൽ ഒരു പ്രശ്നമുണ്ടായാൽ അയാൾ എപ്പോഴും ബ്രിട്ടനോടൊപ്പമായിരിക്കും. അയാൾ പ്രധാനമന്ത്രി ആയതിനു ഇത്ര തുള്ളിച്ചാടാൻ എന്തിരിക്കുന്നു എന്നൊക്ക വാദിക്കുന്നവരുണ്ടാകാം. പക്ഷെ ഋഷി സുനക് പ്രധാനമന്ത്രിയായി നാളെ ബ്രിട്ടൻ മുഴുവൻ ഇന്ത്യക്കെഴുതി തരും എന്ന പ്രതീക്ഷയുടെയല്ല നമ്മളാരും അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ ആഹ്ലാദിക്കുന്നത്. ഭാരതീയത എന്ന തന്റെ വേരുകളിൽ അഭിമാനിക്കുന്ന ഒരു നല്ലമനുഷ്യൻ എന്ന രീതിയിൽ മാത്രമാണ് ഈ ആഹ്ലാദം. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധമൊക്കെ ആര് വന്നാലും നല്ല രീതിയിൽ തന്നെ പോകും. നയതന്ത്ര രംഗത്ത് ഇന്ത്യ പുതിയ രീതിതന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഇന്ത്യയോട് നല്ല ബന്ധം പുലർത്തേണ്ടത് ഇന്ന് മിക്ക രാജ്യങ്ങളുടെയും ആവശ്യമാണ്. അതുകൊണ്ട് ഋഷിയിൽ നിന്ന് ഒരു സൗജന്യവും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഇന്ത്യക്കാർ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് നേരത്തേ സൂചിപ്പിച്ചത് പോലെ അദ്ദേഹം സ്വാഭിമാന ഹിന്ദു ആയതുകൊണ്ടാണ്. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും മാതാപിതാക്കളാണ് ഇന്ത്യയിൽ ജനിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ഈ നാടിനെ കുറിച്ച് വലിയ ആദരവുണ്ട്. ഇന്ത്യക്കാരിയെ വിവാഹം കഴിച്ച് ഇന്ത്യയുടെ മരുമകനായത്തിലൂടെ അദ്ദേഹം ഈ രാഷ്ട്രവുമായുള്ള ബന്ധം ഊഷ്മളമാക്കി. മക്കൾക്ക് കൃഷ്ണയെന്നും അനുഷ്കയെന്നും പേര് നൽകിയതോടെ ആ ബന്ധം അദ്ദേഹം പുതിയ തലമുറക്ക് പകർന്നു നൽകുകയും ചെയ്തു എന്നതാണ് മഹത്വം. എന്നും ഭഗവത് ഗീത നെഞ്ചോട് ചേർക്കുന്ന ഈ മനുഷ്യന് ഈ നാടിന്റെ സംസ്ക്കാരത്തിന്റെ ഓരോ നേരിയ സ്പന്ദനവുമറിയാം എന്നതാണ് അദ്‌ഭുതം. ഇതാണ് അദ്ദേഹത്തെ ഇന്ത്യാക്കാരുടെ പ്രിയങ്കരനാക്കുന്നത്.
വെറും ഏഴു വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് ഋഷി. വിദഗ്ധനായ ഇൻവെസ്റ്റ്മെന്റ് ബാങ്കറിൽ നിന്ന് മികച്ച ഭരണാധികാരിയാകാൻ അത്ര സമയമേ ഋഷിക്ക് വേണ്ടിവന്നുള്ളു. ധനമന്ത്രിയെന്ന നിലയിൽ ഋഷിയുടെ പ്രവർത്തനം മികച്ചതായിരുന്നു. കോവിഡ് കാലത്ത് കമ്പനികൾക്ക് 80% ശമ്പള പിന്തുണ നൽകി കോടിക്കണക്കിനാളുകളുടെ തൊഴിൽ ഋഷി സംരക്ഷിച്ചു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് 50% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഒരു വ്യവസായത്തെ തന്നെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ഇതൊക്കെയാണ് ഋഷിയിൽ ആ രാജ്യം പ്രതീക്ഷയർപ്പിക്കുന്നതിനു കാരണം. ഇന്ത്യക്കാർ ഒന്നിനും കൊള്ളാത്ത വെറും വയ്ക്കോൽ പ്രതിമകളാണെന്ന ധാരണ പുലർത്തിയിരുന്നവർ ഇന്നൊരു ഇന്ത്യക്കാരനിൽ പ്രതീക്ഷയർപ്പിക്കുന്നു എന്നതാണ് നമ്മുടെയൊക്കെ മനസ്സ് നിറക്കുന്നത്. അല്ലാതെ ഋഷി ബ്രിട്ടീഷ് ഖജനാവിൽ നിന്ന് കുറച്ച് പൗണ്ട് എടുത്ത് ഇന്ത്യക്ക് തരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
പക്ഷെ ഒരു കാര്യമുണ്ട് ഋഷി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി വരുന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ സ്ഥിതിയിലാണ്. ഏതാണ്ട് 2014 മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ സമയം പോലെ. പണപ്പെരുപ്പം കുറച്ച് ഊർജ്ജ പ്രതിസന്ധി കുറച്ച്, രാജ്യത്തെ ഒരു കരക്കടുപ്പിക്കുക എന്ന വലിയ ഉത്തരവാദിതമുണ്ട് ഋഷിക്ക്. ആഴ്ചകൾക്ക് മുമ്പാണ് ബ്രിട്ടീഷ് ജനത ഋഷിയെ തള്ളി ലിസ് ട്രസ്റ്റിൽ വിശ്വാസം അർപ്പിച്ചത്. പക്ഷെ ലിസ്സിന് ആ വിശ്വാസം കാക്കാനായില്ല. ബ്രിട്ടീഷുകാരുടെ പ്ലാൻ ബി ആണ് ഇപ്പോൾ ഋഷി. ഋഷി വന്നതോടെ ബ്രിട്ടന്റെ ഓഹരി വിപണികളും പൗണ്ടും ഒന്നുഷാറായി എന്നത് ശുഭകരമായ വസ്തുതയാണ്. ലോകം തന്നെ ശ്രദ്ധിക്കുന്ന ഈ രക്ഷപ്രവർത്തനത്തിൽ ഋഷി എന്ന ഭാരതീയന് വിജയമുണ്ടാകട്ടെ എന്ന് ഇന്ത്യയിലെ ജനങ്ങൾ പറയുക തന്നെ ചെയ്യും. കാരണം അത് ഈ രാജ്യത്തിന്റെ സംസ്ക്കാരമാണ്.

