Saturday, April 27, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനക് മുന്നില്‍; ശേഷിക്കുന്നത് അഞ്ചു പേർ; പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് ജൂലൈ 21 ന്

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനക് ഏറ്റവും മുന്നിൽ. ഇന്നലെ 13 വോട്ടുകള്‍കൂടി ലഭിച്ച അദ്ദേഹത്തിന്‌ ആകെ 101 എം.പിമാരുടെ പിന്തുണയാണ്‌ ഉള്ളത്‌. പെന്നി മോഡന്‍റ് 83 വോട്ട് നേടി രണ്ടാമതും ലിസ് ട്രസ് 64 വോട്ട് നേടി മൂന്നാമതും എത്തി. സുവല്ല ബ്രവർമാൻ മത്സരത്തിൽ നിന്ന് പുറത്തായി. ഇനി പ്രധാനമന്ത്രി പദവിയിലേക്ക് മത്സര രംഗത്ത് അഞ്ചു പേർ മാത്രമാണ് അവശേഷിക്കുന്നത്.

മത്സര രംഗത്ത് രണ്ട് പേർ മാത്രം ശേഷിക്കുംവരെ പല ഘട്ടങ്ങളായി എം പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടു പേരിൽ ആരാകും പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത ആണ് റിഷി സുനകിൻറെ പത്നി.

ഇന്ത്യൻ വംശജനായ റിഷി സുനക് നേരത്തെ തന്നെ ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാൻ സാധ്യത കൂടുതലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർച്ചയായുള്ള വിവാദങ്ങൾക്ക് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോൺസൺ രാജിവച്ചതിന് പിന്നാലെയാണ് റിഷി സുനക്കിന്റെ പേര് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്. റിഷി സുനക് പ്രധാനമന്ത്രിയായാൽ ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഇദ്ദേഹം.

Related Articles

Latest Articles