Sunday, May 19, 2024
spot_img

റാലികളും റോഡ്‌ഷോകളും എന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗം;തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അറിവും വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ഇത്തരം റാലികള്‍ സഹായിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ തടയണമെന്ന ഹർജികൾ തള്ളി ഹൈക്കോടതി

ബംഗളുരു: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ റോഡ്‌ഷോ തടയാനായി സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളി കർണ്ണാടക ഹൈക്കോടതി. റാലികളും റോഡ്‌ഷോകളും എന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അറിവും വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ഇത്തരം റാലികള്‍ സഹായിക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ച് വ്യക്തമാക്കി. റോഡ്ഷോ നടത്തിയാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന സംസ്ഥാനത്തിന്റെയും പോലീസിന്റെയും വാദങ്ങളും കോടതി രേഖപ്പെടുത്തി.

പൗരന്മാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റോഡ്ഷോകള്‍ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജനാധിപത്യത്തിന്, വോട്ടര്‍മാരുടെ അറിവോടെയുള്ള തെരഞ്ഞെടുപ്പുകള്‍ ആവശ്യമായതിനാല്‍ ഇത്രയും വലിയ തോതിലുള്ള പ്രചരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
പൊതുജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ‘ആര്‍ക്കും ആപത്തൊന്നും സംഭവിക്കാതെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്’ കോടതി നിരീക്ഷിച്ചു.

26 കിലോമീറ്റർ നീളുന്ന റോഡ്ഷോയാണ് ഇപ്പോൾ പ്രധാനമന്ത്രി നടത്തുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് റോഡ്ഷോയിൽ പങ്കെടുക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കർണ്ണാടകയിൽ പ്രചാരണത്തിന്റെ അവസാനലാപ്പിൽ പ്രധാനമന്ത്രിയെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. ‘നമ്മ ബെംഗളൂരു, നമ്മ ഹെമ്മേ’ (നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം) എന്നാണ് ബിജെപി ഈ മെഗാ റോഡ്‌ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഇന്ന് ഹുബ്ബള്ളിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. രാഹുല്‍ ഗാന്ധി ഇന്ന് ബെല്‍ഗാവിയില്‍ റാലികള്‍ നടത്തുന്നുണ്ട്.

Related Articles

Latest Articles