Wednesday, May 15, 2024
spot_img

ഹിമാലയത്തിലെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ രൂപ്കുണ്ഡ് തടാകം;
ചരിത്രം രേഖപ്പെടുത്താതെപോയ ദുരൂഹതകളഴിക്കാനാകാതെ ഗവേഷകർ

ഗഡ്വാൾ : 1942 ൽ, ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എച്ച്.കെ.മധ്വാളാണ് ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രൂപ്കുണ്ഡ് തടാകത്തിലും പരിസരത്തുമായി മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ചിതറിക്കിടക്കുന്നത് ആദ്യമായി കാണുന്നത്. വിചിത്രമായ ഈ കാഴ്ച അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകശ്രദ്ധ രൂപ്കുണ്ഡ് തടാകത്തിലേക്കായി.പിന്നീട് നടന്ന ഒട്ടനവധി തിരച്ചിലുകളില്‍ ഏകദേശം അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ ഇവിടെനിന്നും കണ്ടെടുത്തു. ഇതോടെ രൂപ്കുണ്ഡ് തടാകത്തിന്, “നിഗൂഢതയുടെ തടാകം” എന്നും “അസ്ഥികൂടങ്ങളുടെ തടാകം” എന്നുമൊക്കെ അറിയപ്പെടാൻ തുടങ്ങി.

സംഭവത്തിൽ അസ്ഥികൂടങ്ങളുടെ ഉറവിടത്തെച്ചൊല്ലി ഒട്ടനവധി കഥകള്‍ കാട്ടുതീ പോലെ പ്രചരിച്ചു. 1841ൽ ടിബറ്റിൽ നടന്ന യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്നൊരു കഥയുണ്ട്. ഏതെങ്കിലും പകര്‍ച്ചവ്യാധിയോ മഞ്ഞുവീഴ്ചയോ കാരണം മരിച്ച ജാപ്പനീസ് സൈനികരുടെയോ സിൽക്ക് റോഡിലെ ടിബറ്റൻ വ്യാപാരികളുടേതോ ആയിരിക്കാം ഈ അസ്ഥികളെന്നും വ്യാഖ്യാനങ്ങളുണ്ട്.

1960- കളിൽ, ഇവിടെനിന്ന് ലഭിച്ച ഏതാനും അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ, അവര്‍ ജീവിച്ചിരുന്നത് . 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് കണ്ടെത്തി. 2004- ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം 850-880 കാലഘട്ടത്തിന്‍റെ ഇടക്കായിരിക്കുമെന്ന കണ്ടെത്തലുമുണ്ടായി.

ഒരേ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അല്ല ഇവിടെ മരിച്ചത്. ഇവിടെ നിന്നും കിട്ടിയ 38 അസ്ഥികൂടങ്ങൾ പരിശോധിച്ചപ്പോള്‍, അവ ജനിതകപരമായി വ്യത്യസ്തമായ മൂന്ന് ഗ്രൂപ്പുകളുടേതാണെന്നും 1,000 വർഷത്തിനിടയിൽ പലതവണയായി തടാകത്തിൽ നിക്ഷേപിച്ചതാണെന്നും മറ്റൊരു പുതിയ പഠനത്തിൽ തെളിഞ്ഞു.

ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഒരു ദക്ഷിണേഷ്യൻ സംഘത്തിന്‍റെയും 19ാം നൂറ്റാണ്ടിൽ മരണമടഞ്ഞ ക്രീറ്റ് ദ്വീപിൽ നിന്നുള്ള കിഴക്കൻ മെഡിറ്ററേനിയൻ വംശജരുടെ ഒരു പുതിയ സംഘത്തെയും അസ്ഥികളില്‍ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ 19- ആം നൂറ്റാണ്ടിൽ നിന്നുള്ള ഒരു തെക്ക്കിഴക്കൻ ഏഷ്യൻ സംഘത്തിന്‍റെയും അസ്ഥികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഏറ്റവും അടുത്തുള്ള ഗ്രാമത്തില്‍ നിന്നും അഞ്ച് ദിവസം നീളുന്ന യാത്രയാണ് തടാകത്തിലേക്ക്. ഏകദേശം 50 കിലോമീറ്ററിലധികം താണ്ടി വേണം ഇവിടെയെത്താന്‍.5,000 മീറ്റർ ഉയരത്തിലുള്ള ജുനാർഗലി കുന്നിന് 200 മീറ്റർ താഴെയാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന്ന് തീർത്ഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം. വർഷത്തിൽ ഭൂരിഭാഗവും തടാകം മഞ്ഞുമൂടിക്കിടക്കുന്ന തടാകത്തിൽ സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ വരെയുള്ള ശരത്കാലത്തിലാണ് സഞ്ചാരികൾ എത്തുക.

Related Articles

Latest Articles