കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്‌സോ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് ഉടനെന്നും ഇതിനായി ഹൈക്കോടതിയില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികൾ. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് നീക്കം. കേസില്‍ പ്രതികള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ രണ്ടുപേരെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ഈ സംഭവത്തിന് മറ്റുകേസുകളുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാക്കിയുള്ള ആറുപേരെ കൂടി പിടികൂടിയാലേ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

