Friday, December 19, 2025

പുലിയെ പിടിക്കണമെങ്കിൽ വേട്ടക്കാരൻ വേണം: ആവേശം നിറച്ച് ‘ആർആർആർ’ ട്രെയിലർ

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആർ-ന്റെ(RRR) റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മികച്ചൊരു ദൃശ്യവിസ്മയമാകും ചിത്രം പ്രേക്ഷകർക്ക് നൽകുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ജൂനിയർ എൻടി ആർ, രാം ചരൺ ഉൾപ്പടെയുള്ള താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ട്രെയിലർ. പുറത്തുവന്ന നിമിഷങ്ങൾക്കകം മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.

ബാഹുബലിക്ക് ശേഷം രാജമൗലി ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം രണ്ടേമുക്കാല്‍ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാജമൗലി ചിത്രത്തിലെ അത്ഭുതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. നാന്നൂറ് കോടി രൂപ മുടക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ’രൗദ്രം രണം രുധിരം’ എന്ന പേരിന്റെ ചുരുക്കെഴുത്താണ് ആര്‍ആര്‍ആര്‍. 1920 ല്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി നേതാക്കളായ അല്ലൂരി സീതാരാമ രാജു,കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

Related Articles

Latest Articles