Saturday, May 11, 2024
spot_img

ആർ എസ്സ്‌ എസ്സ് ശാഖകളുടെ സംരക്ഷണം അന്നും ഇന്നും സ്വയംസേവകർക്ക്; അത് മറ്റാരേയും ഏൽപ്പിച്ച ചരിത്രമില്ല; സുധാകരൻ പറയുന്നത് കല്ലുവച്ച നുണ; സുധാകരനെ കെ ജി മാരാർ സംരക്ഷിച്ച ചരിത്രം ഓർമ്മിപ്പിച്ച് ജന്മഭൂമി ലേഖനം

തിരുവനന്തപുരം: ആർ എസ്സ് എസ്സ് ശാഖകൾക്ക് സംരക്ഷണം നൽകാൻ കോൺഗ്രസ് പ്രവർത്തകരെ വിട്ട് നൽകിയിട്ടുണ്ട് എന്ന കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ അവകാശ വാദം തള്ളി ആർ എസ്സ് എസ്സ് മുഖപത്രം. സുധാകരൻ പറയുന്നത് കല്ലുവച്ച നുണയാണെന്നും ആർ എസ്സ്‌ എസ്സ് ശാഖകളുടെ സംരക്ഷണം അന്നും ഇന്നും സ്വയംസേവകർക്കാണെന്നും അത് മറ്റാരേയും ഏൽപ്പിച്ച ചരിത്രമില്ലെന്നും ജന്മഭൂമി ലേഖനം. എഡിറ്റോറിയൽ പേജിൽ ഗണേഷ്‌മോഹൻ എഴുതിയ ലേഖനത്തിലാണ് സുധാകരന്റെ അവകാശവാദങ്ങൾ ഖണ്ഡിക്കുന്നത്. ജന്മനാട്ടിൽ സുധാകരന് അന്തിയുറങ്ങാൻ കഴിഞ്ഞത് കെ ജി മാരാരുടെ ഇടപെടലിനെ തുടർന്നാണെന്ന് ലേഖനത്തിൽ ചരിത്രം ഉദ്ധരിച്ച് പറയുന്നുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂർ ജില്ലയുടെ മുക്കിലും മൂലയിലും ആർ എസ്സ് എസ്സ് ശാഖകളുണ്ട്. സംഘടനയുടെ ഈ വളർച്ച സംഘപ്രവർത്തകർ നേടിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എതിർപ്പിനെ പ്രതിരോധിച്ചുകൊണ്ടാണ്. അതിന് കോൺഗ്രസിന്റെയോ മറ്റേതെങ്കിലും സംഘടനയുടെയോ സഹായം തേടിയ ചരിത്രമില്ലെന്ന് ലേഖനത്തിൽ പരാമർശിക്കുന്നു.

1977 ൽ അടിയന്തിരാവസ്ഥ പിൻവലിക്കപ്പെട്ട് ജനതാപാർട്ടി ശക്തമായ സമയത്ത് കണ്ണൂരിൽ സുധാകരന്റെ ജന്മനാടായ എടക്കാട് സിപിഎം പ്രവർത്തകരുമായി നിരന്തരമായ സംഘർഷങ്ങളുണ്ടായി. അക്കാലത്ത് സുധാകരന്റെ വലംകൈയായിരുന്ന ഒരു സഹപ്രവർത്തകനെ സിപിഎമ്മുകാർ വകവരുത്തി. ഇത് കണ്ട് ഭയന്ന സുധാകരൻ എടക്കാട് വിട്ട് കണ്ണൂർ നഗരത്തിലെ ഒരു ലോഡ്ജിൽ അഭയം തേടി. തുടർന്ന് ഏറെനാൾ സ്വന്തം നാട്ടിൽ അന്തിയുറങ്ങാൻ കഴിയാതിരുന്ന സുധാകരന് പിന്നീട് എടക്കാട് പോകാനായത് മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പിൽക്കാലത്ത് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായ കെ ജി മാരാരുടെ ഇടപെടലുകൾ കൊണ്ടായിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ലേഖനം സുധാകരന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കിയത്. കമ്മ്യൂണിസ്റ്റ് അക്രമം ഭയന്ന് പേടിച്ചോടിക്കൊണ്ടിരുന്ന സുധാകരന് എങ്ങനെ ആർ എസ്സ് എസ്സ് ശാഖയ്ക്ക് സംരക്ഷണം നല്കാനാകുമെന്നും ചോദ്യമുയരുന്നു

Related Articles

Latest Articles