ബെംഗളൂര: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (RSS) അഖില ഭാരതീയ കാര്യകാരി മണ്ഡൽ ധാർവാഡിൽ ആരംഭിച്ചു. സര്‍സംഘചാലക് ഡോ.മോഹൻ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെ എന്നിവർ ചേർന്നാണ് ധാർവാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആർ.എസ്.എസിന്റെ നിലവിലെ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും ചർച്ച ചെയ്യുകയാണ് ബൈഠക്കിന്റെ ലക്ഷ്യം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരേ പ്രമേയം പാസാക്കും. പ്രാന്ത-മേഖലാ സംഘചാലകർ, പ്രചാരകർ, കാര്യവാഹകർ, അഖില ഭാരതീയ കാര്യകാരിണി, പോഷക സംഘടന ഭാരവാഹികൾ അടക്കം 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്കാര ഭാരതി അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി അമിർ ചന്ദ്, കന്നഡ സാഹിത്യകാരൻ ജി.വെങ്കട്ട സുബ്ബയ്യ, സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്.ദൊരെ സ്വാമി, മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് എന്നിവരുടെ നിര്യാണത്തിൽ ബൈഠക്കിൽ അനുശോചനം രേഖപ്പെടുത്തി. നാളെയാണ് ബൈഠക്ക് സമാപിക്കുന്നത്.
1925ൽ തുടങ്ങിയ ആർ.എസ്.എസിന്റെ ശതാബ്ദി 2025 ൽ നടക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ പ്രതിനിധി സഭ സംഘടനാ വിപുലീകരണ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് ബൈഠക്കിൽ അവലോകനം നടത്തും. ശതാബ്ദിയുടെ ഭാഗമായി തയാറാക്കിയ 3 വർഷത്തെ പ്രവർത്തന പദ്ധതിയും വിലയിരുത്തും. കോവിഡ് കാലത്ത് ഇത്തരം യോഗങ്ങൾ ഓൺലൈനായാണ് നടന്നിരുന്നത്. കോവിഡിന് ശേഷം ഇതാദ്യമായാണ് ദേശീയ കാര്യകാരി നേരിട്ട് ബൈഠക്ക് ചേർന്നത്.

