Tuesday, December 23, 2025

ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; എറിഞ്ഞത് മാരക ശേഷിയുള്ള ബോംബ്; ഇത് കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം; കെ സുരേന്ദ്രൻ

കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണം കലാപമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിക്കവെയാണ് അദ്ദേഹം സംസാരിച്ചത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. മാരക ശേഷിയുള്ള ബോംബുകളാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണ്.

സിപിഎമ്മുകാർ തങ്ങളുടെ പാർട്ടിക്കുള്ളിൽ ഉണ്ടായ വിവാദങ്ങളിൽ നിന്നും അവർക്കു രക്ഷനേടാനാണ് ഇത്തരത്തിൽ ബോംബേറ് നടത്തുന്നത്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും തുടങ്ങി നിരവധി കാര്യങ്ങൾ മൂലം പ്രതിസന്ധിയിലായിരിക്കയാണ് സിപിഎം. ഉന്നത നേതാക്കൾക്കെതിരെ പാർട്ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയർന്നുവന്നിരിക്കയാണ്. ഒരു രക്തസാക്ഷിയുടെ പേരിൽ പണം പിരിക്കുകയും അത് വലിയതോതിൽ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളിൽ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ സിപിഎം. അതിൽനിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പോലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പോലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഎമ്മിന്റെ താത്പര്യമനുസരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാൻ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോർ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണ് ആ ബൈക്കുകളിൽ എത്തിയത് എന്ന് കണ്ടുപിടിക്കാൻ ഒരു രീതിയിലുള്ള അന്വേഷണവും നടന്നിട്ടില്ല. പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്‌ട്രീയ താല്പര്യത്താലാണ്. പോലീസിന് സിപിഎം കർശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടവും പോലീസും തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്ന് മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത് എസ്ഡിപിഐ – ആർഎസ്എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാര് എകെജി സെന്ററിന് ബോംബെറിഞ്ഞിട്ടും പിടിക്കാൻ അവർക്കു സാധിക്കുന്നില്ല. പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്. അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles