ദില്ലി : രാജ്യത്ത് ആർ എസ് എസിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും സൈനിക വിദ്യാലയം ആരംഭിക്കുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്‍റെ പൂർവ്വ സർ സംഘചാലക് രാജേന്ദ്ര സിങ്ങ് ജിയുടെ നാമത്തിൽ രജ ജൂഭയ്യ സൈനിക് വിദ്യാമന്ദിർ എന്ന പേരിലാണ് സൈനിക വിദ്യാലയം അറിയപ്പെടുക. സംഘത്തിന്‍റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിക്കാണ് സ്കൂളിന്‍റെ നടത്തിപ്പ് ചുമതല.
രാജ്യത്തിന്‍റെ പ്രതിരോധ നിരയിൽ ഓഫീസർമാരാകാൻ ദേശീയബോധവും അച്ചടക്കവും തികഞ്ഞ യുവാക്കളെ സംഭാവനചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ പുതിയ സംരഭത്തിനുപിന്നില്‍.
സി ബി എസ് സി പാഠ്യക്രമമാണ് സ്‌കൂളിൽ പിന്തുടരുക. ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ സ്‌കൂളിലുണ്ടാകും.
സ്‌കൂളിന്‍റെ ആദ്യ ബാച്ചിലേക്ക് 160 വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കും. പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ ജില്ലയിൽ ഷിക്കാർപൂരിലാകും ഈ സ്കൂൾ പ്രവർത്തിയ്ക്കുക. നിലവിൽ വിദ്യാഭാരതിയുടെ മേൽനോട്ടത്തിൽ രാജ്യമെമ്പാടും ഇരുപതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട് .

