ദില്ലി: ശത്രുസംഹാരത്തിനായി രൗദ്രഭാവത്തില്‍ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ (Rudram Missile) നിർമ്മിക്കാൻ ഡിആര്‍ഡിഒ. നൂറ് കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ ഒരുക്കുന്നത്. ശത്രുവിന് ശക്തമായ പ്രഹരമേല്‍പ്പിക്കുന്ന പുത്തന്‍തലമുറ ആന്റിറേഡിയേഷന്‍ മിസൈല്‍ രുദ്രം ഉടന്‍ ആകാശമേറുമെന്നാണ് വിവരം. ശത്രുവിന്റെ റഡാർ സ്ഥാനം കണ്ടെത്തി അവയെ തന്ത്രപരമായി നശിപ്പിക്കാൻ കഴിയുമെന്നതാണ് രുദ്രത്തിന്റെ പ്രത്യേകത.
ശത്രുവിനെ അതിന്റെ മാളത്തിൽ ചെന്ന് തകർക്കുകയാണ് രുദ്രം ചെയ്യുക. റഡാർ സംവിധാനം പ്രവർത്തിക്കാത്ത സാഹചര്യത്തിലും ശത്രുക്കളെ കണ്ടെത്താൻ മിസൈലിന് കഴിയും. സുഖോയ്-30, മിറാഷ്-2000 എന്നീ യുദ്ധവിമാനങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. രുദ്രം വിജയകരമായി വിക്ഷേപിക്കാൻ സാധിച്ചാൽ, ഇത്തരം മിസൈലുകൾ ഇനിയും നിർമ്മിക്കുമെന്ന് ഡിആർഡിഒ അറിയിച്ചു.

