Wednesday, October 7, 2026

പാലാ നഗരസഭയിൽ ഭരണസമിതി വീണു; അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു പുളിക്കകണ്ടം പുറത്ത്

പാലാ: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ നിലവിലെ ഭരണസമിതി പുറത്ത്. വോട്ടെടുപ്പിൽ 17 അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന ശ്രദ്ധനേടിയ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി നഷ്ടമായത്. കോൺഗ്രസ് കൗൺസിലർമാരുടെ പരസ്യമായ പിന്തുണയോടെയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വിജയം കണ്ടത്.

ആകെ 26 അംഗങ്ങളുള്ള നഗരസഭാ കൗൺസിൽ യോഗത്തിൽ 17 പേരാണ് ഇന്ന് ഹാജരായത്. പങ്കെടുത്ത മുഴുവൻ അംഗങ്ങളും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. 12 പ്രതിപക്ഷ കൗൺസിലർമാർക്ക് പുറമെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് ഭരണസമിതിക്കെതിരെ വോട്ട് ചെയ്തത്. ദിയ ബിനുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയുടെ ഭരണ രീതിക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഉന്നയിച്ച കടുത്ത എതിർപ്പാണ് ഒടുവിൽ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്ക് വഴിതുറന്നത്.

ഭരണമാറ്റത്തിന് വഴിവെക്കുന്ന നടപടികളിലേക്ക് കടക്കരുതെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കരുതെന്നും കാണിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ജനപ്രതിനിധികൾ ഇത് പൂർണ്ണമായും തള്ളുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ച് അവിശ്വാസത്തെ പിന്തുണച്ച അംഗങ്ങൾക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പുളിക്കകണ്ടം കുടുംബത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങളും കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും സ്വതന്ത്രരും അടങ്ങുന്ന 14 അംഗ ഭരണസഖ്യമാണ് ഇതുവരെ നഗരസഭ ഭരിച്ചിരുന്നത്. എന്നാൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ച പ്രഖ്യാപനത്തോടെ ആരംഭിച്ച രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇപ്പോൾ നഗരസഭയിലെ ഭരണ അട്ടിമറിയിൽ കലാശിച്ചത്.

Related Articles

Latest Articles