Sunday, May 12, 2024
spot_img

റഷ്യ-യുക്രെയ്ൻ യുദ്ധം; തകർന്നടിഞ്ഞ് ഓഹരി വിപണി; കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില

ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുപിന്നാലെ കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില. സൈനിക നീക്കം ആരംഭിച്ചതോടെ ലോകമാകെ വിതച്ചിരിക്കുന്ന ആശങ്ക ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണിയില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലെത്തി. ഓഹരി വിപണികളിലും തകര്‍ച്ച നേരിടുന്നുണ്ട്. സെന്‍സെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു.

സ്വര്‍ണവില പവന് 680 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഏഷ്യന്‍ വിപണികളും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്. ആഗോള സമ്പദ് വ്യവസ്ഥയ്‌ക്ക് തന്നെ വലിയ വെല്ലുവിളിയാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധമെന്ന് ലോകരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുക്രെയ്‌നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നത്. എണ്ണവില ഇത്രയും ഉയർന്ന തോതിൽ തുടർന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരാൻ വഴിയൊരുങ്ങും.

ഇന്ത്യ പ്രതിവര്‍ഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. റഷ്യയില്‍ നിന്ന് നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിലയിലെ തീവില ഇന്ത്യയിലെ ഇന്ധനകമ്പനികളേയും സമ്മര്‍ദ്ദത്തിലാക്കും. യുക്രെയ്നിലെ ഡോണ്‍ബാസില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതിനെ തുടർന്നാണ് സാമ്പത്തിക മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. യുക്രെയ്നില്‍ റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായതായി റിപ്പോർട്ട്. സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികൾ. റഷ്യന്‍ നീക്കത്തിനുനേരെ വിദേശശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles